കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും.
പാലക്കാട് : പാലക്കാട്ടെ കൈക്കൂലി കേസിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. 3 വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫീസിൽ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും.
സർവ്വെ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാൾ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു.
കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിന്റെ നിഗമനം. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് വിജിലൻസ് അന്വേഷിക്കും. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിലും വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്.
Read More : കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയിൽ, ഇറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ
