ഇന്ത്യ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഉച്ചകോടിക്ക് ലോകശ്രദ്ധ ലഭിക്കുന്നതിന്റെ പ്രധാന കാരണം ബ്രിക്സിന്റെ വളർച്ച മാത്രമല്ല, നിലവിലെ ആഗോള സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ്.

ലോക രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടത്തിലാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത്. 2026 സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് 18-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഉച്ചകോടിക്ക് ലോകശ്രദ്ധ ലഭിക്കുന്നതിന്റെ പ്രധാന കാരണം ബ്രിക്സിന്റെ വളർച്ച മാത്രമല്ല, നിലവിലെ ആഗോള സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ്.

2001-ൽ സാമ്പത്തിക വിദഗ്ധനായ ജിം ഒ'നീൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ വളർന്നുവരുന്ന സാമ്പത്തിക ശക്തിയെ വിശേഷിപ്പിക്കാൻ ‘ബ്രിക്’ എന്ന പദം ഉപയോഗിച്ചതോടെയാണ് ഈ കൂട്ടായ്മയുടെ ആശയത്തിന് തുടക്കം. പിന്നീട് 2009-ൽ റഷ്യയിലെ യെകറ്ററിൻബർഗിൽ ആദ്യ ബ്രിക് ഉച്ചകോടി നടന്നു. 2010-ൽ ദക്ഷിണാഫ്രിക്കയെ കൂട്ടായ്മയിൽ ഉൾപ്പെടുത്തുകയും 2011 മുതൽ ബ്രിക്സ് എന്ന പേരിൽ ഉച്ചകോടികൾ നടക്കുകയും ചെയ്തു.

കാലക്രമേണ ബ്രിക്സ് ഒരു സാമ്പത്തിക കൂട്ടായ്മയിൽ നിന്ന് രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രാധാന്യമുള്ള വേദിയായി മാറി. വികസന രാജ്യങ്ങളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുക, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിൽ പരിഷ്കാരം ആവശ്യപ്പെടുക, അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുക എന്നിവയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിൽ ചിലത്.

2014-ൽ ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിക്കാൻ തീരുമാനിച്ചതും ബ്രിക്സിന്റെ വളർച്ചയിലെ നിർണായക ഘട്ടമായിരുന്നു. പശ്ചിമാധിപത്യ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് വികസന പദ്ധതികൾക്കും ധനസഹായം ലഭ്യമാക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

ഇതിനിടെ ബ്രിക്സിന്റെ അംഗത്വവും ഗണ്യമായി വികസിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്ന് ഇന്ന് 11 പൂർണ അംഗങ്ങളുള്ള കൂട്ടായ്മയായി ബ്രിക്സ് മാറിയിട്ടുണ്ട്. ഈ വിപുലീകരണം ബ്രിക്സിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം വർധിപ്പിച്ചെങ്കിലും, വ്യത്യസ്ത ദേശീയ താൽപര്യങ്ങളുള്ള രാജ്യങ്ങളെ ഒരൊറ്റ നിലപാടിലേക്ക് കൊണ്ടുവരിക എന്നത് വലിയ വെല്ലുവിളിയായി തുടരുന്നു.

ഇന്ത്യയുടെ അധ്യക്ഷസ്ഥാനം

2026 ജനുവരി ഒന്നിന് ഇന്ത്യ നാലാം തവണ ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. 2012, 2016, 2021 വർഷങ്ങളിലും ഇന്ത്യ ബ്രിക്സ് അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. ഇത്തവണ “Building for Resilience, Innovation, Cooperation and Sustainability” എന്ന ആശയമാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. ജനകേന്ദ്രീകൃത വികസനത്തിനും സഹകരണത്തിനും കൂടുതൽ പ്രാധാന്യം നൽകുകയാണ് ഇന്ത്യയുടെ സമീപനം.

ഇന്ത്യയുടെ അധ്യക്ഷകാലത്ത് രാജ്യത്തുടനീളം 350-ലധികം യോഗങ്ങളും ഉന്നതതല ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ-സുരക്ഷാ സഹകരണം, സാമ്പത്തിക-ധനകാര്യ സഹകരണം, സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്.

ഇത്തവണത്തെ ഉച്ചകോടി എന്തുകൊണ്ട് നിർണായകം?

നിലവിലെ ലോക സാഹചര്യമാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം, റഷ്യ-യുക്രെയ്ൻ യുദ്ധം, വ്യാപാര മേഖലയിലെ അനിശ്ചിതത്വം, ഊർജവിലയിലെ മാറ്റങ്ങൾ, അമേരിക്ക-ചൈന ബന്ധത്തിലെ സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് ലോക നേതാക്കൾ ന്യൂഡൽഹിയിൽ ഒത്തുചേരുന്നത്.

വ്യാപാരവും നിക്ഷേപവും, ഊർജസുരക്ഷ, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ധനകാര്യ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പ്രധാന സ്ഥാനത്തുണ്ട്. അംഗരാജ്യങ്ങൾ തമ്മിലുള്ള ദേശീയ കറൻസികളുടെ ഉപയോഗം വർധിപ്പിക്കുന്നതും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിലെ പരിഷ്കാരങ്ങളും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.

അതേസമയം, ബ്രിക്സിന്റെ വിപുലീകരണത്തോടെ കൂട്ടായ്മയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും വർധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങളുള്ളതിനാൽ പൊതുവായ നിലപാടിലെത്തുക എളുപ്പമല്ല. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ വ്യത്യസ്ത നിലപാടുകളുണ്ട്. എന്നിരുന്നാലും ഇത്തരം ഭിന്നതകൾക്കിടയിലും ആഗോള ദക്ഷിണ രാജ്യങ്ങളുടെ ശബ്ദം ശക്തിപ്പെടുത്താനുള്ള വേദിയായി ബ്രിക്സ് തുടരുകയാണ്.

മാറുന്ന ലോകക്രമത്തിൽ ബ്രിക്സ്

ബ്രിക്സിന്റെ വളർച്ച ആഗോള ശക്തിസമവാക്യങ്ങളിൽ സംഭവിക്കുന്ന മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തികമായി ശക്തിയാർജിക്കുന്ന രാജ്യങ്ങൾ ആഗോള തീരുമാനമെടുക്കൽ സംവിധാനങ്ങളിൽ കൂടുതൽ സ്വാധീനം ആവശ്യപ്പെടുകയാണ്. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ പരിഷ്കാരം വേണമെന്ന ആവശ്യം ബ്രിക്സ് രാജ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുന്നുണ്ട്.

ഇത്തവണത്തെ ന്യൂഡൽഹി ഉച്ചകോടി അതുകൊണ്ടുതന്നെ മറ്റൊരു പതിവ് നയതന്ത്ര സമ്മേളനം മാത്രമല്ല. സാമ്പത്തിക ശക്തി, രാഷ്ട്രീയ സ്വാധീനം, സാങ്കേതിക മുന്നേറ്റം, ആഗോള ഭരണപരിഷ്കാരം എന്നിവയിൽ ഉയർന്നുവരുന്ന രാജ്യങ്ങൾ എത്രത്തോളം ഒരുമിച്ച് മുന്നേറുമെന്നതിന്റെ പരീക്ഷണം കൂടിയാണ്.

20 വർഷം പിന്നിടുന്ന ബ്രിക്സ് ഇന്ന് അതിന്റെ ആദ്യകാല രൂപത്തേക്കാൾ ഏറെ വലുതാണ്. പുതിയ അംഗങ്ങളും പുതിയ വിഷയങ്ങളും പുതിയ വെല്ലുവിളികളും കൂട്ടായ്മയുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ ന്യൂഡൽഹി ഉച്ചകോടി ബ്രിക്സിന്റെ അടുത്ത രണ്ട് പതിറ്റാണ്ടിലേക്കുള്ള ദിശ നിർണയിക്കുന്നതിൽ നിർണായകമാകുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്