മുന്‍കൂര്‍ ജാമ്യത്തിന് പൊലീസ് വഴിയൊരുക്കുന്നെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടും പൊലീസ് നടപടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ വിവാഹം കഴിഞ്ഞ് മുപ്പത്തിയൊൻപതാം നാള്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാതെ പൊലീസ്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം പോലും ലംഘിച്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് മരിച്ച ഫാത്തിമയുടെ ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരന്തര സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു രണ്ടാഴ്ച ഗര്‍ഭിണിയായിരുന്ന നവവധു ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജീവനൊടുക്കിയത്.
കേവലം പത്തൊമ്പത് വയസ് മാത്രം പ്രായമുളള മകളുടെ ദുര്യോഗമോര്‍ത്ത് കരഞ്ഞു തളര്‍ന്നൊരമ്മ. ഈ വര്‍ഷം ഏപ്രില്‍ പത്തൊമ്പതിനായിരുന്നു പല്ലന സ്വദേശിനിയായ ഫാത്തിമയും പുന്നപ്ര സ്വദേശിയായ മുഹമ്മദ് നൗഫലും തമ്മിലുളള വിവാഹം. കേവലം 39 ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യം. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം നേരിട്ട മാനസിക ശാരീരിക പീഡനങ്ങള്‍ക്കൊടുവില്‍ മെയ് മാസം 28 ന് രാത്രി പല്ലനയിലെ വീട്ടില്‍ വച്ച് ഫാത്തിമ ജീവനൊടുക്കുകയായിരുന്നു. മരിക്കുമ്പോള്‍ രണ്ടാഴ്ച ഗര്‍ഭിണിയുമായിരുന്നു ഫാത്തിമ.
സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഭര്‍ത്താവ് നൗഫലിനും.നൗഫലിന്‍റെ ഉമ്മ റുമൈലത്തിനും സഹോദരിക്കുമെതിരെ കേസെടുത്തത്. എന്നാല്‍ കേസെടുത്ത് അമ്പത് ദിവസത്തോളം പിന്നിട്ടിട്ടും പ്രതികളുടെ അറസ്റ്റ് ഉണ്ടായിട്ടില്ല. സെഷന്‍സ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിട്ടും ഹൈക്കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാനുളള അവസരം പൊലീസുണ്ടാക്കുകയാണെന്ന് കുടുംബം സംശയിക്കുന്നു. കായംകുളം ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിനു പരിമിതിയുണ്ടെന്ന ന്യായമാണ് പൊലീസ് ഉന്നയിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

