തടഞ്ഞുവെച്ച ഡിഎഫ്ഒയെ ശനിയാഴ്ച രാത്രി വൈകി നാട്ടുകാർ വിട്ടയച്ചു. കെഎം അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും നടത്തിയ ചർച്ചയിലാണ് നാട്ടുകാർ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച് ഞായറാഴ്ച ജില്ലാ കളക്ടറുമായി ചർച്ച നടത്തും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്നും നാട്ടുകാർ പറഞ്ഞു.

കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. തടഞ്ഞുവെച്ച ഡിഎഫ്ഒയെ ശനിയാഴ്ച രാത്രി വൈകി നാട്ടുകാർ വിട്ടയച്ചു. കെഎം അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും നടത്തിയ ചർച്ചയിലാണ് നാട്ടുകാർ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച് ഞായറാഴ്ച ജില്ലാ കളക്ടറുമായി ചർച്ച നടത്തും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്നും നാട്ടുകാർ പറഞ്ഞു.

വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വനംവകുപ്പ് ജീവനക്കാർക്കൊപ്പം കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ സുനിലിനെ ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർക്ക് നേരേ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്നാണ് ഡിഎഫ്ഒയെയും വനംവകുപ്പ് ജീവനക്കാരെയും നാട്ടുകാർ തടഞ്ഞുവെച്ചത്. സുനിലിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഞായറാഴ്ച രാവിലെ പത്തിന് സംസ്കാരം നടക്കും.