മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പുണെ സ്വദേശിയായ ബിസിനസുകാരൻ കേതൻ വിശാൽ അഗർവാൾ (26) ജൂൺ 18-നാണ് കോട്ടയിലെ മലയിടുക്കിലേക്ക് വീണ് മരിച്ചത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് പ്രതിശ്രുത വധു സിയ ഗോയൽ ആദ്യം കുടുംബത്തെയും പോലീസിനെയും അറിയിച്ചിരുന്നത്. എന്നാൽ സിയയും അവരുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുമ്പ്, ജൂൺ 14-നും ഇവർ കേതനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി കേതന്‍റെ പിതാവ് പറഞ്ഞു. ആദ്യ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ജൂൺ 18-ന് വീണ്ടും കേതനെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു.
കേതൻ മികച്ചൊരു ട്രെക്കർ ആയിരുന്നതിനാൽ ഇത്തരമൊരു അപകടം പെട്ടെന്ന് സംഭവിക്കില്ലെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയാണ് പോലീസിന് ആദ്യം സംശയമുണ്ടാക്കിയത്. കേതന്‍റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാം ദിവസം സിയ കേതന്‍റെ വീട്ടിലെത്തിയപ്പോൾ അവരുടെ അസ്വാഭാവികമായ പെരുമാറ്റവും മറുപടികളും കേതന്‍റെ സഹോദരിയിൽ കൂടുതൽ സംശയമുളവാക്കി.
സിയയും ചേതനും തമ്മിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2,004 തവണ ഫോണിൽ ബന്ധപ്പെടുകയും 238 മണിക്കൂറോളം സംസാരിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന ജൂൺ 18-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 5:40 വരെ ചേതൻ തന്‍റെ ഫോണിലെ ഇന്‍റർനെറ്റ് ഓഫാക്കി വെച്ചിരുന്നു. സ്വന്തം ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ ഫോൺ കടയിൽ തന്നെ വെക്കുകയും, പകരം ഒരു ജീവനക്കാരന്‍റെ ഫോൺ കൈവശം വെച്ചാണ് അയാൾ യാത്ര ചെയ്തതെന്നും പോലീസ് കണ്ടെത്തി.
പ്രമുഖ ബിൽഡർ വിശാൽ അഗർവാളിന്‍റെ മകനാണ് കേതൻ. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരുന്ന നവംബർ 25-ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജയ്പൂരില്‍ കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വരെ വിവാഹത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വരിലേക്ക് യാത്ര പോകാനും കേതൻ പദ്ധതിയിട്ടിരുന്നു.



