മുഖ്യമന്ത്രി വി ഡി സതീശനെ പരസ്യമായി വിമർശിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ പരോക്ഷ വിമർശനവുമായി ബിആർഎം ഷരീഫ് രംഗത്ത്. ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ഒരു പത്രസമ്മേളനം എന്നാണ് വിശേഷിപ്പിച്ചത്.

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പരോക്ഷമായി വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷരീഫ്. കെപിസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ അടൂർ പ്രകാശ് പരസ്യമായി വിമർശിച്ച സംഭവത്തിലാണ് പ്രതികരണം. 'അതിവേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ഒരു പത്രസമ്മേളനം'- എന്നാണ് ബിആർഎം ഷരീഫിന്‍റെ കുറിപ്പ്.

യുഡിഎഫിന്റെ യോഗം അടുത്ത കാലത്തൊന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടതെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണം. അതൃപ്തി അറിയിക്കേണ്ടിടത് അറിയിക്കും. ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായെന്നും അടൂർ പ്രകാശ് വിമർശിച്ചു. അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിൽ ഖേദമുണ്ട്. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എഐസിസിയാണ് എന്നെ ചുമതല ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിൽ യുഡിഎഫ് യോ​ഗം കൂടിയത് ഒരു തവണ മാത്രമാണ്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

അതേസമയം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയെ വിമർശിച്ചത് എഐസിസിയെ അമ്പരപ്പിച്ചു. ദീപ ദാസ് മുൻഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ ദീപ നേരത്തെ ഹൈക്കമാൻഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നാണ് സൂചന.