കോഴിക്കോട് മുക്കത്തെ നീലേശ്വരത്തുനിന്നും 10 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് ശിക്ഷാവിധി.

കോഴിക്കോട്: കഞ്ചാവ് കേസില്‍ പിടിയിലായ സഹോദരനെയും സഹോദരിയെയും ശിക്ഷിച്ച് കോടതി. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സഹോദരി സൂര്യ എന്നിവർക്കാണ് ഏഴ് വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. കോഴിക്കോട് മുക്കത്തെ നീലേശ്വരത്തുനിന്നും 10 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് ശിക്ഷാവിധി.

2020ല്‍ മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണ് നീലേശ്വരത്തെ വാടക വീട്ടില്‍ വച്ച് ഇരുവരെയും മുക്കം പൊലീസ് പിടികൂടിയത്. 2024 ജൂലൈ രണ്ടിന് മുക്കത്തിനടത്തു മുത്തേരിയില്‍ 65 വയസ്സുകാരിയെ ഓട്ടോയില്‍ വച്ച് പീഡിപ്പിച്ച കേസിന്‍റെ അന്വേഷണത്തിനിടെ ആയിരുന്നു ഇത്. ഓട്ടോയില്‍ കയറിയ വയോധികയെ സമീപത്തെ റബര്‍ എസ്റ്റേറ്റിനടുത്തുന്ന വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച് മാല കവര്‍ന്ന കേസിൽ പ്രതിയെ പിന്നീട് പിടികൂടിയിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെ പ്രതി താമസിച്ചിരുന്ന സ്ഥലം പരിശോധിക്കുന്നതിനിടയിലാണ്, സഹോദരങ്ങള്‍ താമസിച്ച വാടക വീട്ടില്‍ പൊലീസ് യാദൃച്ഛികമായി എത്തിയതും കഞ്ചാവ് പിടികൂടിയതും.

വയോധികയെ പീഡിപ്പിച്ച കേസ് അന്വേഷിച്ചിരുന്ന എസ് ഐ സാജിദ് കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ബി.കെ സിജു കേസില്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വടകരയിലെ എന്‍ഡിപിഎസ് കോടതിയാണ് ശിക്ഷ വിധിച്ചത് . സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.