ആലപ്പുഴ: ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ - അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.

അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പച്ച ജംഗ്ഷന് സമീപം കൈതമുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു. തുടർന്ന് ചതുപ്പിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മിഥുനും നിമലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനം ഫയർഫോഴ്സും നാട്ടുകാരും ചേർന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എടത്വാ പൊലീസ് അറിയിച്ചു. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിംഗ് ബിരുദ്ധധാരിയാണ്.