ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് ഇതിന് മുമ്പും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ചനും മകനുമാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

നീണ്ടു നിൽക്കുന്ന കടുത്ത പനി, ദേഹവേദന, മുഖത്ത് നീര് തുടങ്ങിയവയാണ് ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസിന്റെ ലക്ഷണങ്ങൾ. വെമ്പായം വേറ്റിനാട്, കന്നുകാലികളെ വളർത്തുന്ന അച്ഛനും മകനും ഈ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് രോഗബാധ സംശയിച്ചത്. തുടർന്ന് മകനിൽ നിന്ന് ശേഖരിച്ച സാമ്പിൾ പാലോട് വെറ്റിനറി ലാബിൽ പരിശോധിച്ച് ബാക്ടീരിയബാധ സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. 

മകൻ വീട്ടിൽ നിരീക്ഷണത്തിലാണ്. കേരളത്തിൽ ഇടവേളകളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യാറുണ്ട്. കൊല്ലം കടയ്ക്കലിൽ ജൂലൈയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കന്നുകാലികളുമായി അടുത്തിടപഴകുന്നവർക്കാണ് ബാക്ടീരിയ ബാധയുണ്ടാകാറുള്ളത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്. എന്നാൽ രോഗം പിടിപ്പെട്ടാൽ ദീർഘനാൾ രോഗിക്ക് ബുദ്ധിമുട്ടുണ്ടാകും. രോഗം പിടിപ്പെട്ടാൽ പ്രോട്ടോകോൾ പ്രകാരം ആന്റിബോഡി ഉപയോഗിച്ചാണ് ചികിത്സ. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് കന്നുകാലികളിൽ നിന്ന് സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. 

രോഗം പിടിപെടുന്നത് എങ്ങനെ?

ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നത് രോ​ഗം പിടിപെടുന്നതിന് കാരണമാകുന്നു. ചെമ്മരിയാടുകൾ, കന്നുകാലികൾ, ആട്, പന്നികൾ, നായ്ക്കൾ തു‌ടങ്ങിയ മൃ​ഗങ്ങളിലാണ് രോ​ഗം ഉണ്ടാകുന്നത്.

പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. പാസ്ചറൈസ് ചെയ്യാത്ത പാൽ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതാണ് അണുബാധയ്ക്കുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം. ചെമ്മരിയാടുകൾ, ആട്, പശുക്കൾ, ഒട്ടകങ്ങൾ എന്നിവയിൽ രോഗബാധയുണ്ടായാൽ അവയുടെ പാൽ ബാക്ടീരിയകളാൽ മലിനമാകും. ചീസ് ഉൽപ്പന്നങ്ങൾ കഴിക്കുന്ന ആളുകളിലേക്ക് അണുബാധ പകരാം.

ബ്രൂസെല്ലോസിസിന് കാരണമാകുന്ന ബാക്ടീരിയ ശ്വസിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അറവുശാല, മാംസം പായ്ക്ക് ചെയ്യുന്ന ജീവനക്കാരും ബാക്ടീരിയയ്ക്ക് വിധേയരാകുകയും രോഗബാധിതരാകുകയും ചെയ്യുന്നതായി Centers for Disease Control and Prevention വ്യക്തമാക്കുന്നു. ബ്രൂസെല്ലോസിസ് അണുബാധ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം വേവിക്കാത്ത മാംസം, പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.

മൂന്നാഴ്ചയായി പനി, ഒടുവിൽ കൊല്ലത്ത് 7 വയസുകാരിക്ക് ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചു; ഉറവിടം കണ്ടെത്താനായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്