ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയും ദക്ഷിണേന്ത്യയിലെ ബിജെപിയുടെ കരുത്തുറ്റ നേതാവുമായ ബിഎസ് യെദ്യൂരപ്പ 78-ാം വയസിലേക്ക്. ജന്മദിനവുമായി വമ്പൻ ആഘോഷ പരിപാടികളാണ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.  ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ വ്യാഴാഴ്ച വൈകിട്ട് വിവിധ പരിപാടികൾ നടക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 

യെദ്യൂരപ്പയെ കുറിച്ചുള്ള ഫോട്ടോ ആൽബം, അദ്ദേഹത്തിന്റെ 45 വർഷത്തെ പൊതുജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരിക്കും. പിറന്നാളാഘോഷത്തിനെത്തുന്നവർ ബൊക്കെകൾ, ഹാരങ്ങൾ, പൂക്കൾ, മധുരപലഹാരങ്ങൾ, ഷാളുകൾ തുടങ്ങിയവ കൊണ്ടുവരരുതെന്ന് അഭ്യർത്ഥിക്കുന്നതായി യെദ്യൂരപ്പ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ജനങ്ങളുടെ അനുഗ്രഹവും പിന്തുണയുമാണെന്നും ട്വീറ്റിൽ പറയുന്നു.

പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും 78-ാം വയസിലും മുഖ്യമന്ത്രി കർമ്മ നിരതനാണെന്നാണ് യെദ്യൂരപ്പയെ അനുകൂലിക്കുന്നവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ഒരു വിഭാഗം ആളുകൾ യെദ്യൂരപ്പയ്ക്ക് പകരം ഇതേ സമുദായത്തിൽ നിന്നുള്ള മറ്റൊരാളെ ഈ സ്ഥാനത്തേയ്ക്ക് നിയമിക്കുന്നതിനായി പിറന്നാളാഘോഷത്തിന് ശേഷം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും 75 കഴിഞ്ഞ നേതാൾക്ക് പദവികളിൽ നിന്നുള്ള 'നിർബന്ധിത വിരമിക്കൽ' നിർദ്ദേശിച്ചപ്പോഴും യെദ്യൂരപ്പയ്ക്ക് വ്യാകുലപ്പെടേണ്ടി വന്നിരുന്നില്ല. എന്തുതന്നെയായാലും പിറന്നാൾ ആഘോഷം യെദ്യൂരപ്പയുടെ രാഷ്ട്രീയരംഗത്തു നിന്നുള്ള വിടവാങ്ങൽ ചടങ്ങുകൂടിയായിരിക്കുമോ എന്നാണ് രാഷ്ടീയ നിരീക്ഷകർ  ഉറ്റുനോക്കുന്നത്. 

മുൻ മുഖ്യമന്ത്രിമാരായ എസ് എം കൃഷ്ണ, എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ജഗദീഷ് ഷെട്ടാർ ,ഡിവി സദാനന്ദ ഗൗഡ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിനു പുറമേ ബിജെപി ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബിഎൽ സന്തോഷും ആഘോഷത്തിൽ പങ്കുചേരും.