ബഫർ സോണ്‍ അനിശ്ചിതത്വം വനാതിർത്തിയോട് ചേർന്നുള്ള മേഖലകളിൽ പൊള്ളുന്ന പ്രശ്നമായി മാറുമ്പോഴാണ് മത രാഷ്ട്രീയ ഭേദമന്യേ സംയുക്ത നീക്കം കെ സി ബി സി ശക്തമാക്കുന്നത്

കൊച്ചി : ബഫർ സോണ്‍ (buffer zone)വിഷയത്തിൽ സർക്കാരിനെ (against govt)കടന്നാക്രമിച്ച് കെ സി ബി സിയും(kcbc) കർഷക സംഘടനകളും . പ്രശ്നബാധിത സ്ഥലങ്ങളിൽ വനം വകുപ്പിന് ചുമതല നൽകുമ്പോൾ കർഷക വിരുദ്ധ താത്പര്യങ്ങളാണ് നടപ്പാകുന്നതെന്ന് സംയുക്ത സമ്മേളനം വിലയിരുത്തി.ഒരു ഗുണവും ചെയ്യാത്ത നിയമസഭാ പ്രമേയങ്ങൾക്ക് പകരം പ്രായോഗികമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് കെ സി ബി സിയുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത കർഷക സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു

ബഫർ സോണ്‍ അനിശ്ചിതത്വം വനാതിർത്തിയോട് ചേർന്നുള്ള മേഖലകളിൽ പൊള്ളുന്ന പ്രശ്നമായി മാറുമ്പോഴാണ് മത രാഷ്ട്രീയ ഭേദമന്യേ സംയുക്ത നീക്കം കെ സി ബി സി ശക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ വിളിച്ച കർഷക സംഘടനകളുടെ യോഗത്തിൽ സർക്കാർ നടപടികളിൽ അവിശ്വാസം ഉയർന്നു.നിയമസഭയിലെ സംയുക്ത പ്രമേയം കൊണ്ട് എന്ത് ഗുണമെന്നാണ് ചോദ്യം. വനം വകുപ്പ് നടപടികളിലും പ്രതിഷേധം ഉയർന്നു. സർക്കാരിന്‍റെ പുതിയ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

പ്രശ്ന ബാധിത മേഖലകളിലെ കണക്കെടുപ്പിൽ കൃത്യത വേണമെന്നും വനം വകുപ്പിന് പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.കൃഷിയിടങ്ങൾ,ജനവാസ മേഖലകൾ തുടങ്ങിയവ ബഫർസോണിൽ നിന്നും ഒഴിവാക്കി 2019ലെ വിവാദ ഉത്തരവിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം.സുപ്രീംകോടതി ഉത്തരവിനെതിരെ സർക്കാർ ഭേദഗതി ഹർജി നൽകുന്നത് നീളുന്നതിലും ബഫർ സോണ്‍ മേഖലകളിൽ പ്രതിഷേധമുണ്ട്.കൊച്ചിയിൽ കെസിബിസി വിളിച്ച് ചേർത്ത സമ്മേളനത്തിൽ അൻപതിലേറെ കർഷക സംഘടനകളാണ് പങ്കെടുത്തത്

ബഫർ സോൺ: 2019 ലെ ഉത്തരവ് തിരുത്തി മന്ത്രിസഭ 

2019 ലെ ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തി. വനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. 

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.

ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിൽ നീങ്ങാനായിരുന്നു തീരുമാനം. നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേരളം.