തകര്‍ന്ന് വീണ ഫ്ലാറ്റിന്‍റെ തറക്കല്ലിന് ബലക്ഷയം ഉണ്ടായിരുന്നതായും അത് ബലപ്പെടുത്താനായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീണെന്നുമാണ് ബെംഗളൂരു കോര്‍പ്പറേഷന്‍ പറഞ്ഞത്. 

ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും നാലുനില കെട്ടിടം തകര്‍ന്ന് വീണു. തലനാരിഴ്യ്ക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്. കമല നഗറിലെ നാലുനില ഫ്ലാറ്റാണ് തകര്‍ന്ന് വീണത്. എട്ട് കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രി മുതല്‍ കെട്ടിടത്തില്‍ നിന്ന് വിറയലും ശബ്ദവും ഉണ്ടായതോടെ ഇവര്‍ മറ്റൊരിടത്തേക്ക് മാറിയിരുന്നു. കെട്ടിടത്തിന്‍റെ അടിഭാഗത്ത് വിള്ളല്‍ കണ്ടതോടെ സമീപത്ത് ഉള്ളവരെയും ഒഴിപ്പിച്ചിരുന്നു. ഉദ്യോസ്ഥര്‍ അറ്റകുറ്റപണി നടത്തുന്നതിനിടെയാണ് കെട്ടിടം പൂര്‍ണ്ണമായി നിലം പതിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് അമ്പതിലധികം തൊഴിലാളികള്‍ കഴിഞ്ഞിരുന്ന മൂന്ന് നില കെട്ടിടം നിലം പതിച്ചിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോയിരുന്ന സമയമായത് കൊണ്ടാണ് ദുരന്തം ഒഴിവായത്. ബെല്‍ഗാവില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ മരിച്ചിരുന്നു. അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് കാരണം.