Asianet News MalayalamAsianet News Malayalam

വീട് പണിയാൻ മുൻകൂർ അനുമതി വേണ്ട; നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ്

സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. 

building construction by self certification ordinance to amend the law
Author
Thiruvananthapuram, First Published Feb 3, 2021, 5:01 PM IST

തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. 

പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തല്‍പത്രം നല്‍കുന്ന ഉടമയോ ലൈസന്‍സിയോ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥയുണ്ട്. 100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവുമാണ് പിഴ.

കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകള്‍ക്കും അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാസല്‍ഡ് ലൈസന്‍സിയും സംയുക്തമായാണ് സാക്ഷ്യപത്രം നല്‍കേണ്ടത്.

എ) 7 മീറ്ററില്‍ കുറവ് ഉയരവും 2 നിലവരെയും 300 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള വീടുകള്‍ക്ക് നിര്‍ദിഷ്ട ഭേദഗതി ബാധകമായിരിക്കും.

ബി) 7 മീറ്ററില്‍ കുറവ് ഉയരവും 2 നിലവരെയും 200 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള ഹോസ്റ്റല്‍, അനാഥാലയങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധ സദനം, സെമിനാരി, മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

സി) 7 മീറ്ററില്‍ കുറവ് ഉയരവും 2 നിലവരെയും 100 ചതുരശ്രമീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടങ്ങള്‍, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണവും സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുവാന്‍ കഴിയും.

കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നത് 15 ദിവസമായി കുറച്ച് പഞ്ചായത്ത് -നഗര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
 

Follow Us:
Download App:
  • android
  • ios