യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്‍റെ റേറ്റിംഗ് ഉണ്ടെന്ന പ്രഖ്യാപനത്തിനെതിരെയാണ് ഒരു വിഭാഗം കന്പനികൾ രംഗത്തെത്തിയത്. നിർമ്മാണ ഘട്ടത്തിൽ റേറ്റിംഗിനുള്ള മാനദണ്ഡങ്ങൾ പാലിക്കാനുള്ള ശ്രമങ്ങൾ സ്മാർട്ട് സിറ്റി തുടങ്ങി വെച്ചെങ്കിലും പിന്നീട് അത് പൂർത്തിയാക്കിയിട്ടില്ല എന്നാണ് വിവരം.

കൊച്ചി: സ്മാർട്ട് സിറ്റിയിലെ (Smart City) കെട്ടിടത്തിന് രാജ്യാന്തര നിലവാരമുണ്ടെന്ന വാദം തെറ്റെന്ന ആരോപണവുമായി നിലവിലെ നിക്ഷേപകർ (Investors). യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്‍റെ റേറ്റിംഗ് ഉണ്ടെന്ന പ്രഖ്യാപനത്തിനെതിരെയാണ് ഒരു വിഭാഗം കന്പനികൾ രംഗത്തെത്തിയത്. നിർമ്മാണ ഘട്ടത്തിൽ റേറ്റിംഗിനുള്ള മാനദണ്ഡങ്ങൾ പാലിക്കാനുള്ള ശ്രമങ്ങൾ സ്മാർട്ട് സിറ്റി തുടങ്ങി വെച്ചെങ്കിലും പിന്നീട് അത് പൂർത്തിയാക്കിയിട്ടില്ല എന്നാണ് വിവരം.

അതേസമയം, സ്മാർട്ട് സിറ്റി പദ്ധതി വൈകുന്നതിൽ നിലവിലെ കന്പനി ഉടമകളും നിരാശയിലാണ്. കെട്ടിട നിർമ്മാണത്തിൽ അന്താരാഷ്ട്ര ഗുണനിലവാര സൂചികയായ ലീഡ് പ്ലാറ്റിനം റേറ്റിംഗ് സ്മാർട്ട് സിറ്റി നേരിട്ട് പണിത കെട്ടിടത്തിനുണ്ട് എന്നായിരുന്നു അവകാശവാദം. അതും യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിൽ വിവിധ വശങ്ങൾ പരിശോധിച്ച് നൽകുന്ന ഏറ്റവും ഉയർന്ന പ്ലാറ്റിനം റേറ്റിംഗ് ലഭിച്ചുവെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ, പ്രവർത്തനം തുടങ്ങും മുമ്പേ മൂന്നാം നിലയിലുള്ള ഓഫീസ് കെട്ടിടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ഇതോടെയാണ് നിക്ഷേപകരിൽ ചിലർക്ക് സംശയങ്ങളുണ്ടായത്. തുടര്‍ന്ന് സർട്ടിഫിക്കേറ്റിന്‍റെ കാര്യം സ്മാർട്ട് സിറ്റിയോട് ചോദിച്ചു. പക്ഷേ, മറുപടിയൊന്നും തന്നെ ലഭിച്ചിട്ടില്ല. പിന്നാലെ ഇക്കാര്യം വെബ്സൈറ്റിൽ നൽകിയ കെഎസ്ഐഡിസിയോടും വിവരാവകാശം തേടി.

സ്മാർട്ട് സിറ്റിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. എന്നാൽ, സ്വകാര്യ സ്ഥാപനമായതിനാൽ വിവരാവകാശ പരിധിയിൽ വരില്ലെന്നും മറുപടി തരില്ലെന്നുമാണ് സ്മാർട്ട് സിറ്റിയുടെ നിലപാട്. ഒടുവിൽ വ്യക്തതയ്ക്കായി നിക്ഷേപകർ യുഎസ് ഗ്രീൻ ബിൽഡിങ് കൗൺസിലിന് ഇ- മെയിൽ അയച്ചു. സ്മാർട്ട് സിറ്റി ഇതിനായി ഒരു അപേക്ഷ പോലും തന്നിട്ടില്ലെന്ന ഞെട്ടിക്കുന്ന മറുപടിയാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്.

തൊട്ട് പിന്നാലെ വെബ്സൈറ്റിൽ നിന്ന് രാജ്യാന്തര റേറ്റിംഗ് ഉണ്ടെന്ന അവകാശവാദം സ്മാർട്ട് സിറ്റി നീക്കുകയായിരുന്നു. ഫോണിലൂടെയും ഇ- മെയിൽ വഴിയും ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യങ്ങൾ സ്മാർട്ട് സിറ്റിയോട് ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറായിട്ടില്ല. നിക്ഷേപമെത്താത്തതിലും നിലവിലെ കാലതാമസത്തിലും സ്മാർട്ട് സിറ്റി ഒരു മറുപടി നൽകിയിട്ടില്ല. അതേസമയം, കൊവിഡ് കാലത്ത് സർക്കാർ ഐടി പാർക്കുകളിൽ വാടക ഇളവ് നൽകിയെങ്കിലും സ്മാർട്ട് സിറ്റിയിൽ ഇത് നടപ്പായിരുന്നില്ല. അന്ന് സ്മാർട്ട് സിറ്റിക്കെതിരെ ഒരു വിഭാഗം കന്പനികൾ രംഗത്തെത്തിയിരുന്നു.

എന്നാൽ, കന്പനികളുടെ ആവശ്യത്തോട് സംസ്ഥാന സർക്കാരും കൈമലർത്തി. തർക്കം കോടതിയിലേക്ക് നീളുന്ന അവസ്ഥയാണ് തുടര്‍ന്നുണ്ടായത്. ദുബൈ ഹോൾഡിംഗ് നിയമിച്ച മനോജ് നായരാണ് നിലവിൽ സ്മാർട്ട് സിറ്റി സിഇഒ. ഡയറക്ടർ ബോർഡിന്‍റെ ചെയർമാനായി മുഖ്യമന്ത്രി പിണറായി വിജയനുമാണുള്ളത്. വ്യാപാര സാധ്യത വിപുലപ്പെടുത്തുന്നതിനുള്ള പിന്തുണ ഉൾപ്പടെ സ്മാർട്ട് സിറ്റി നേരത്തെ പ്രചരിപ്പിച്ച പലതും ലഭ്യമാകാത്തതിൽ നിലവിലെ നിക്ഷേപകര്‍ കടുത്ത നിരാശയിലാണ്.

വലിയ കാഴ്ചപ്പാടോടെ കൊണ്ട് വന്ന പദ്ധതിയാണ് സ്മാർട്ട് സിറ്റിയുടെ അധികൃതരുടെ വീഴ്ചയും സർക്കാരിന്‍റെ മേൽനോട്ടക്കുറവും കാരണം എങ്ങുമെത്താതെ നിൽക്കുന്നത്. നിലവിലെ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കണ്ട് പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഉടൻ തുടങ്ങേണ്ടതെന്നാണ് നിക്ഷേപകര്‍ ഉള്‍പ്പെടെ ആവശ്യം ഉയര്‍ത്തുന്നത്.