കൊച്ചി: കളമശ്ശേരിയിൽ നിർമ്മാണത്തിലിരുന്ന കാൻസർ സെന്റർ കെട്ടിട്ടത്തിന്റെ ഒരു ഭാ​ഗം തകർന്നു വീണു. കെട്ടിട്ടത്തിൽ ഇന്ന് കോൺക്രീറ്റ് ചെയ്ത ഭാ​ഗമാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ കളമശ്ശേരി മെഡി.കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം നിര്‍മ്മാണ തൊഴിലാളികളാണ്. വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. എന്നാല്‍ വിവരം പുറത്ത് അറിഞ്ഞിരുന്നില്ല.

ർഅപകടത്തില്‍ പരിക്കേറ്റ തൊഴിലാളികളെ കൂട്ടത്തോടെ മെഡി.കോളേജില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് രാത്രിയോടെ സംഭവം വാര്‍ത്തയായത്. അപകടം കഴിഞ്ഞ് ഇത്ര നേരമായിട്ടും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളാരും സ്ഥലത്ത് എത്തിയിട്ടില്ല എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കെട്ടിട്ടത്തില്‍ ആളുകള്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിൽ അപാകതയെന്നു മാസങ്ങൾക്ക് മുൻപ് തന്നെ കരാർ കമ്പനിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു.