കൊല്ലം: കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് അടുത്തുള്ള വനമേഖലയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ എങ്ങനെ വന്നുവെന്നതിൽ പല സാധ്യതകൾ തേടി അന്വേഷണ ഏജൻസികൾ. നിലവിൽ മിലിട്ടറി ഇന്‍റലിജൻസും, എൻഐഎയും സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. 

ശനിയാഴ്ച ഉച്ചയോടെയാണ് കുളത്തൂപ്പുഴ മുപ്പതടി പാലത്തിനു സമീപം 14 വെടിയുണ്ടകൾ നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാക് നിർമിത വെടിയുണ്ടകളെന്ന് സംശയിക്കുന്നവ ഇക്കൂട്ടത്തിൽ ഉണ്ടെന്നു കണ്ടെത്തി. PoF എന്ന ചുരുക്കെഴുത്ത് വെടിയുണ്ടകൾക്ക് മുകളിൽ കണ്ടതോടെയാണ് അന്വേഷണം മറ്റൊരു ദിശയിലേക്ക് വഴിമാറുന്നത്. പാക് ഓർഡ്‍നൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്താണ് PoF. പാക് സേനയ്ക്ക് വേണ്ട വെടിക്കോപ്പുകൾ മുതൽ പടച്ചട്ടകളും മിലിട്ടറി യൂണിഫോമും വരെ നിർമിക്കുന്ന സംയുക്ത കമ്പനിയാണ് PoF.

ഇതേത്തുടർന്ന്, അന്വേഷണം തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറി. കേരളത്തിലെ എടിഎസ് തലവൻ ഡിഐജി അനൂപ് കുരുവിള ജോണാണ്. അദ്ദേഹത്തിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ടച്ചുമതല. പാക് നിർമിതമെന്ന് സംശയിക്കുന്ന വെടിയുണ്ടകൾ കണ്ടെത്തിയതോടെ സംഭവത്തിൽ തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. അതിനാൽ, സംസ്ഥാനം സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയും മിലിട്ടറി ഇന്‍റലിജൻസും അന്വേഷണം തുടങ്ങി. മിലിട്ടറി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

അതേസമയം, ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കി. ''പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി ചില ലീഡുകൾ കിട്ടിയിട്ടുണ്ട്. ഔദ്യോഗികമായി എടിഎസ്സിന് അന്വേഷണം നൽകിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാനാണ് തീരുമാനം. മറ്റ് ചില സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ഞാൻ സംസാരിക്കുന്നുണ്ട്. വെടിയുണ്ടകളിൽ ചില വിദേശനിർമിത മാർക്കുകൾ കാണുന്നതിനാൽ അതും പരിശോധിക്കേണ്ടതുണ്ട്. വിശദമായി എല്ലാ വശങ്ങളും വിലയിരുത്തും'', എന്ന് ബെഹ്റ. 

ഞായറാഴ്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വീണ്ടും പരിശോധിച്ചു. തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്ന് നഷ്ടപ്പെട്ട തിരകളല്ല ഇവയെന്ന് സംസ്ഥാനപൊലീസ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 40 വർഷം പഴക്കമുള്ള വെടി ഉണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ആരാണ് കൈവശം വച്ചിരുന്നതാണോ, സൈനികർ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നും പരിശോധിക്കും.

എന്നാൽ സ്ഥലത്തെ നാട്ടുകാർ ഇപ്പോഴും ആശങ്കയിലാണ്. വനത്തിനകത്ത് തീവ്രവാദസംഘങ്ങൾ ക്യാമ്പ് ചെയ്തിരുന്നോ, അതിന്‍റെ ഭാഗമായാണോ വെടിയുണ്ടകൾ കണ്ടെത്തിയത് എന്നെല്ലാമുള്ള ആശങ്കയാണ് നാട്ടുകാർക്കുള്ളത്.