ജോഷ് ബസ് ഉടമ ജോഷിയാണ് ഭീഷണി മുഴക്കിയത്. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടര്‍ അജീഷ് ഓഡിയോ സഹിതമാണ് പൊലീസിൽ പരാതി നൽകിയത് . 

തിരുവനന്തപുരം: ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയതിന് മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടര്‍ക്ക് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. ജോഷ് ബസ് ഉടമ ജോഷിയാണ് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടര്‍ അജീഷിനെതിരെ ഭീഷണി മുഴക്കിയത്. സര്‍വീസിൽ കാണില്ലെന്നായിരുന്നു ഭീഷണി. സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടര്‍ പൊലീസിന് പരാതി നൽകി.

തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസിൽ സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തിയ നിലയിലായിരുന്നു. ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫിറ്റ്നസ് റദ്ദാക്കിയത്. ഇതെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ് ഉടമ ഭീഷണിയുമായി എത്തിയത്. ടൂറിസ്റ്റ് ബസുകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ തണ്ടര്‍ പരിശോധനക്കിടെയാണ് ഭീഷണി. 

ബസുടമയുടെ ഭീഷണി ഓഡിയോ പുറത്ത്: 

'ഞാൻ നിന്നെ കാണുന്നുണ്ട്, നിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ് നിന്നെ കാണുന്നുണ്ട്. നിനക്ക് എന്നെ കുറിച്ച് അറിയില്ല, ഞാൻ ഇന്നലെ പറഞ്ഞില്ലേ ഞാൻ ജോഷിയാണെന്ന് എന്നിട്ടും നീയെന്താ ചെയ്യാത്തത്. ആര്‍സി ബുക്ക് ഇവിടെ കിട്ടണം'