ടെമ്പിൾ എസ്എച്ച്ഒ ജി അജയകുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ദിവേകിൻ്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കും കണക്കിൽ പെടാത്ത പണവും മറ്റു സുപ്രധാന രേഖകളും പൊലീസ് കണ്ടെടുത്തു

തൃശൂർ: പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ പലിശക്കാരുടെ വീടുകളിൽ പൊലീസ് പരിശോധന. തൈവളപ്പിൽ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കൽ ദിവേക് എന്നിവരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. ടെമ്പിൾ എസ്എച്ച്ഒ ജി അജയകുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ദിവേകിൻ്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കും കണക്കിൽ പെടാത്ത പണവും മറ്റു സുപ്രധാന രേഖകളും പൊലീസ് കണ്ടെടുത്തു.

പ്രഗിലേഷിൻ്റെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടിനു പുറത്ത് പൊലീസ് പരിശോധന നടത്തി കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ 10നാണ് കർണ്ണംകോട്ട് ബസാർ മേക്കണ്ടനകത്ത് മുസ്തഫയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണിയാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നു. 6 ലക്ഷം രൂപ പലിശക്ക് എടുത്ത് 40 ലക്ഷം രൂപ അടയ്ക്കേണ്ടി വരികയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് മുസ്തഫ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിച്ചത്. നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത ടെമ്പിൾ പൊലീസ് പരാതിയെ തുടർന്ന് ആത്മഹത്യാപ്രേരണ കുറ്റത്തിന് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കിയും ദിവിഷിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. കുബേര ആക്ട് കൂടി ചേർക്കുമെന്ന് പൊലീസ് പറഞ്ഞു.