എല്ലാം സജ്ജമെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഉപതെരഞ്ഞടുപ്പ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുകയാണ്.
തിരുവനന്തപുരം: രണ്ട് മാസത്തിനുളളിൽ ഉപതെരഞ്ഞെടുപ്പെത്തുമെന്ന സൂചനകൾ വന്നതോടെ മൂന്ന് മുന്നണികളും തലവേദനയിലാണ്. സ്വർണ്ണക്കടത്ത് അടക്കമുളള വൻ വിവാദങ്ങൾ ചൂട് പിടിച്ച് നിൽക്കുമ്പോഴുളള തെരഞ്ഞെടുപ്പ് സർക്കാരിന് വെല്ലുവിളിയാണ്. കേരളകോൺഗ്രസ് പടലപ്പിണക്കം യുഡിഎഫിന് ആശങ്കയുയർത്തുമ്പോൾ ബിഡിജെഎസിലെ വിളളലാണ് എൻഡിഎയുടെ പ്രതിസന്ധി. എല്ലാം സജ്ജമെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഉപതെരഞ്ഞടുപ്പ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുകയാണ്. നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ വിവാദത്തിന് നടുവിൽ നിൽക്കുന്ന സർക്കാരിന് ആരോപണങ്ങൾ ജനവിധിയെ എത്രത്തോളം ബാധിക്കുമെന്നറിയാനുളള പരീക്ഷയാണിത്. സ്ഥാനാർത്ഥി നിർണ്ണയമാണ് ഏറ്റവും വലിയ കടമ്പ.
യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് അങ്കത്തിന്റെ അടുത്തവേദിയാകും കുട്ടനാടെന്ന് തീർച്ച. ജോസ്-ജോസഫ് പക്ഷങ്ങളെ മാറ്റിനിർത്തി കോൺഗ്രസ് സീറ്റ് ഏറ്റെടുത്താലും അത്ഭുതപ്പെടേണ്ടതില്ല. ഏത് വിഭാഗം മത്സരിച്ചാലും മറുവിഭാഗം കാലുവാരുമെന്ന ആശങ്കയും നിലനിൽക്കുന്നു. ചവറയിൽ യുഡിഎഫിനായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ തന്നെ വീണ്ടുമിറങ്ങും. സിപിഎം ഏറ്റെടുത്ത ചവറ സീറ്റിൽ പുതുമുഖങ്ങളെ നിർത്തിയുളള പരീക്ഷണത്തിനാണ് സാധ്യത.
കുട്ടനാട് സീറ്റിൽ തോമസ്ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ പേരിനാണ് ആദ്യ പരിഗണന. കുട്ടനാട്ടിൽ തുഷാർ വെളളാപ്പളളി-സുഭാഷ് വാസു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് മത്സരിക്കാനുളള സാധ്യതയാണ് എൻഡിഎയുടെ പ്രതിസന്ധി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രകടനമാകും പ്രധാനമായും മാറ്റുരച്ച് നോക്കുക. വിവാദങ്ങളെ അതിജീവിച്ച് സീറ്റുകൾ നിലനിർത്താൻ എൽഡിഎഫിനായാൽ തുടർഭരണമെന്ന സ്വപ്നത്തിന് അത് നൽകുന്ന ഊർജ്ജം വലുതായിരിക്കും.
കുട്ടനാടിന് വേണ്ടിയുളള മത്സരം കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഭാവിരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുമോ എന്നും രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്. പ്രതിസന്ധികൾ തുടരുന്പോഴും കോവിഡ് കാലത്ത് എത്തുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്പിക്കാനുളള ശ്രമങ്ങളും മുന്നണികൾ ഒരുവശത്ത് നടത്തുന്നുണ്ടെന്നാണ് വിവരം.
