തിരുവനന്തപുരം: അട്ടിമറികളിൽ ഞെട്ടിയിരിക്കുകയാണ് ഇടത് വലത് മുന്നണികൾ. തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴിയിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റിൽ യുഡിഎഫ് വമ്പൻ ജയം സ്വന്തമാക്കിയപ്പോൾ കളമശ്ശേരി മുപ്പത്തിയേഴാം വാര്‍ഡില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ ഇടത് സ്വതന്ത്രന് ജയിച്ചു. കണ്ണൂര്‍ തില്ലങ്കേരിയിൽ യുഡിഎഫ് സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് പിടിച്ചെടുത്തു. 

993 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് പുല്ലഴിയിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റിൽ യുഡിഎഫ് വിജയിച്ചത്. ഇതോടെ കോർപ്പറേഷൻ ഭരണം പിടിക്കാൻ യുഡിഎഫ് ഇനി നീക്കം ശക്തമാക്കും. പുല്ലഴി കിട്ടിയാല്‍ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. നിലവിൽ കോൺഗ്രസ് വിമതനായ എം കെ വർഗീസാണ് തൃശ്ശൂർ മേയർ. 

കളമശേരി മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയേഴാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വിജയിച്ചു. ഇതോടെ നഗരസഭാ ഭരണവും ഇടതുമുന്നണിക്ക് ലഭിച്ചേക്കും. ഇരുമുന്നണികളും തുല്യനില വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഇവിടെ യുഡിഎഫിന് ഭരണം ലഭിച്ചത്. ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ഒപ്പമായതോടെ അവർക്ക് ഭരണം ലഭിക്കാനുള്ള സാഹചര്യമാണ്.

എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാർ 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥി 2207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. ഇതോടെ നഗരസഭയിൽ കക്ഷിനില 20-21 എന്നായി. ഇതോടെ എൽഡിഎഫിന് ഭരണം ഉറപ്പായി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിൻ്റെ ബിനോയ് കുര്യൻ ഇവിടെ ജയിച്ചു. 

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനാണ് വിജയം. ഇടതുപക്ഷ സ്ഥാനാർത്ഥി രോഹിത് എം പിള്ളയാണ് കോൺഗ്രസിലെ കെ വർഗ്ഗീസിനെ 464 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർത്ഥി മഹേശൻ 182 വോട്ടുകൾ നേടി. എൽഡിഎഫിന് 13 ഉം ബിജെപിക്ക്  6 ഉം  യുഡിഎഫിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.