സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണമാണിത്. പവർകട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും ഇത് നിർണായകമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വാര്‍ഡ് അംഗങ്ങള്‍ എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എട്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മൂന്ന് മുന്നണികളും തമ്മിലുളള ആദ്യ രാഷ്ട്രീയ ബലപരീക്ഷണമാണ് ഇന്ന് നടക്കുന്നത്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു കോര്‍പറേഷന്‍ വാര്‍ഡുകളുള്‍പ്പെടെ 38 തദ്ദേശ വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. തൃശൂര്‍ പാലക്കാട് കണ്ണൂര്‍ ജില്ലകളിലെ മൂന്ന് നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം , കോട്ടയം പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമ പഞ്ചായത്തു വാര്‍ഡുകളിലും തീപാറുന്ന പോരാട്ടമാണ്.
എട്ടുവാര്‍ഡുകളിലെ അംഗങ്ങള്‍ എംഎല്‍എമാരായതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സുധീര്‍ഷാ പാലോട്, ദീപക് ജോയി. ഫാത്തിമ തെഹ്ലിലിയ, സി വി ശാന്തകുമാര്‍, വിനു ജോബ്, ടി എം ശശി, സുമേഷ് അച്യുതന്‍, ഉഷാ വിജയന്‍ എന്നിവരാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടക്കുന്ന തദ്ദേശ വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് യുഡിഎഫിനാണ് മേധാവിത്വം. 22 എണ്ണം യുഡിഎഫിന്റെ സിറ്റിംഗ് വാർഡുകളാണ്. 15 എണ്ണം എൽഡിഎഫിനൊപ്പം. ട്വൻറി20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ നടക്കുന്നത്. വി ഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുളള ആദ്യ രാഷ്ട്രീയ ബലാബലമായതിനാല്‍ അത്യന്തം ആവേശത്തോടെയും ഗൗരവത്തോടെയുമാണ് മുന്നണികള്‍ പ്രചാരണം നടത്തിയത്. പ്രാദേശിക വിഷയങ്ങള്‍ക്ക് അപ്പുറം പവര്‍കട്ട് ഉള്‍പ്പെടെയുളള സംസ്ഥാന വിഷയങ്ങളും പ്രചാരണത്തില്‍ ഏറെ ചര്‍ച്ചയായി.
ഭരണത്തിലേറി മൂന്നു മാസം പിന്നിടുമ്പോള്‍ ജനപ്രീതി ഇടിഞ്ഞില്ലെന്ന് തെളിയിക്കേണ്ടത് കോണ്‍ഗ്രസിനും യുഡിഎഫിനും അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ വിമാനയാത്രയും മന്ത്രിമാരുടെ വിദേശയാത്ര വിവാദവുമെല്ലാം ചൂടേറിയ ചര്‍ച്ചയായി. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും കരയേറാന്‍ ശ്രമിക്കുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും ആത്മവിശ്വാസം തിരിച്ചു പിടിക്കാനുളള സുവര്‍ണ അവസരമാണ് ഉപതിരഞ്ഞെടുപ്പ്. സീറ്റെണ്ണം വര്‍ധിപ്പിച്ചാല്‍ അതുണ്ടാക്കുന്ന അലയൊലി മുന്നണിക്ക് പുതു ഊര്‍ജ്ജമാകും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയും ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ ശ്രമിക്കുന്നുണ്ട്. പ്രിയദർശിനി പദ്ധതി അടക്കം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിയാണ് യുഡിഎഫ് പ്രചാരണം നടത്തിയതെങ്കിൽ പവർകട്ട് അടക്കം സർക്കാരിനെതിരെ ഉയർന്ന പല വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ ഇടതുമുന്നണിയും എന്‍ഡിഎയേയും ശ്രമിച്ചു.
