വയനാട്: വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബത്തേരി നഗരസഭാ കൗണ്‍സിലറും ഇടത് അംഗവുമായ സി കെ സഹദേവന്‍. അതേസമയം സ്‍കൂളിന് ഫിറ്റ്‍നസ് നല്‍കിയതില്‍ വീഴ്ച‍ പറ്റിയിട്ടില്ലെന്നാണ് കൗണ്‍സിലറുടെ വാദം. തറയ്ക്ക് ബലക്ഷയമില്ലെന്നും മാളമുണ്ടെന്നും കരുതി ഫിറ്റ്‍നസ് കൊടുക്കാതിരിക്കാന്‍ ആവില്ലെന്നും സി കെ സഹദേവന്‍ ന്യൂസ് അവറില്‍ പറഞ്ഞു. അതേസമയം സ്കൂളിലെ അസൗകര്യങ്ങള്‍ തുറന്നു പറഞ്ഞ വിദ്യാര്‍ത്ഥിയെ രാഷ്ട്രീയ നേതാക്കള്‍ കൊണ്ടുവന്നിരുത്തിയതാണെന്നും സഹദേവന്‍ കുറ്റപ്പെടുത്തി. 

നഗരസഭയുടെ ഒന്‍പത് വിദ്യാലയങ്ങളില്‍ നിരവധി ക്ലാസ് റൂമുകളുണ്ട്. ക്ലാസ് റൂമുകള്‍ പരിശോധിക്കാനാണ് അധ്യാപകരും പിടിഎ കമ്മിറ്റയുമുള്ളത്. നഗരസഭയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും ഉത്തരവാദിത്തക്കുറവും ഉണ്ടായിട്ടില്ലെന്നും സഹദേവന്‍ പറഞ്ഞു. ഒന്‍പത് വിദ്യാലയങ്ങളുടെയും നവീകരണം മൂന്നുവര്‍ഷം കൊണ്ട് ഒറ്റയടിക്ക് നടത്താനുള്ള പണം നഗരസഭയുടെ കയ്യില്‍ ഇല്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. 

"


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പണമില്ല: ജില്ലാ പഞ്ചായത്ത് 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ന്യൂസ് അവറില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അവരുടെ അധീനതയിലുള്ള സ്ഥാപനങ്ങള്‍ മുഴുവന്‍ നവീകരിക്കാനുള്ള ഫണ്ട് ലഭിക്കുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച് കൊടുക്കുന്ന ഫണ്ട് മാത്രമാണ് ചിലവഴിക്കാന്‍ കഴിയുന്നത്. തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാം വിട്ടുകൊടുക്കുന്നല്ലാതെ ആവശ്യമായ ഫണ്ട് ലഭിക്കുന്നുണ്ടോയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കൊടുക്കുകയാണെങ്കില്‍ ആശുപത്രികളുടെ നവീകരണം തുടങ്ങി കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും നസീബ പറഞ്ഞു. 

അതേസമയം ട്രഷറി നിയന്ത്രണമുള്ളതിനാല്‍ കിട്ടിയ ഫണ്ട് തന്നെ ചിലവഴിക്കാന്‍ കഴിയുന്നില്ലെന്നും നസീമ പറഞ്ഞു. 10 ലക്ഷത്തില്‍ താഴെയുള്ള ബില്ലുകള്‍ കൊടുത്താല്‍ മതിയെന്നായിരുന്നു സര്‍ക്കാരില്‍ നിന്നുള്ള ആദ്യ നിര്‍ദ്ദേശം. എന്നാല്‍ സര്‍ക്കാരിന്‍റെ കയ്യില്‍ ഫണ്ടില്ലാത്തതിനാല്‍ പിന്നീട് അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ബില്ലുകള്‍ കൊടുത്താല്‍ മതിയെന്നും ഇപ്പോള്‍ ബില്ലുകള്‍ കൊടുക്കണ്ടെന്നും ലൈഫ് ഭവന പദ്ധതി മാത്രം കൊടുത്താല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും  നസീബ പറഞ്ഞു. കുട്ടി മരിച്ച സംഭവത്തില്‍ സ്‍കൂളിലെ കുഴി അധ്യാപകന്‍റെ ശ്രദ്ധയില്‍ പെടേണ്ടതും അടപ്പിക്കേണ്ടതുമായിരുന്നെന്നും നസീബ പറഞ്ഞു. കുട്ടിയെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ന്യൂസ് അവറില്‍ നസീബ പറഞ്ഞു.