വയനാട്: വയനാട്ടില്‍ പ്രളയാനന്തര അടിയന്തരസഹായം ലഭിക്കാത്ത 1370 പേര്‍ക്ക് സഹായം  ഉടന്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ സി കെ ശശീന്ദ്രന്‍. ഒരാള്‍ക്ക് ആണെങ്കില്‍ പോലും അടിയന്തര സഹായം ലഭ്യമാകാതിരിക്കരുത്. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. വയനാട്ടില്‍ ഇത്തവണ പ്രളയബാധിതരായി സർക്കാർ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്. ഇവരില്‍ 1370 പേർക്ക് അടിയന്തര ധനസഹായം പോലും ലഭിച്ചിട്ടില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ. 

"വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ അപേക്ഷിച്ചാല്‍ 10 ലക്ഷം നല്‍കും. വീട് വയ്‍ക്കാനായി ഭൂമി കണ്ടെത്തേണ്ടതുണ്ട്. 24 ന് പുത്തുമലയില്‍ ഭൂമി കണ്ടെത്തി അവിടെ തറക്കല്ലിടും. ആളുകളെ ഉടന്‍ പുനരധിവസിപ്പിക്കും. കേന്ദ്ര ഗവണ്‍മെന്‍റ് ആവശ്യമായ സഹായം തരാത്തതിന്‍റെ പ്രതിസന്ധി ഉണ്ട്. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസില്‍ നിന്നാണ് അടിയന്തര സഹായം നല്‍കുന്നത്, ചെറിയൊരു സാങ്കേതിക പ്രശ്നം വന്നാല്‍ പൈസ കേറില്ല. വയനാട്ടില്‍ വീട് പണിയാന്‍ ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ട് നിറഞ്ഞതാണ്. ലഭ്യമാകുന്ന സ്ഥലത്ത് വീട് വയ്ക്കാന്‍ പറ്റുമോയെന്ന് വിദഗ്ധന പരിശോധന നടത്തണം". സമയമെടുത്ത് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുകയെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം എത്ര അംഗങ്ങള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു,എത്രയാളുകളുടെ വീട് തകര്‍ന്നിട്ടുണ്ട്, എത്രയാളുകള്‍ വാടകയ്ക്ക് താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വയനാട് ജില്ലയ്ക്ക് ഒരു റിവ്യു മീറ്റിങ്ങ് സര്‍ക്കാര്‍ നടത്തണമെന്ന് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ ഇത്തവണ പ്രളയബാധിതരായി സർക്കാർ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്. ഇവരില്‍ 1370 പേർക്കാണ് അടിയന്തര ധനസഹായം പോലും ലഭിക്കാത്തത്. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ കണക്കെടുപ്പുപോലും ഇതുവരെ പൂർത്തിയായിട്ടില്ല. സ്ഥലം കണ്ടെത്താനും പുതിയ വീട് നിർമിക്കാനുമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നതേയുള്ളൂ.