തിരുവനന്തപുരം: എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് ഒറ്റ അഭിപ്രായമാണ് ഉള്ളത്. കെ.ഇ.ആർ (കേരള എഡുക്കേഷൻ റുൽസ്) ഭേദഗതിക്കാര്യം ചർച്ച ചെയ്യുമെന്നും സി രവീന്ദ്രനാഥ് ആലപ്പുഴയില്‍ പറഞ്ഞു.

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം. എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇതുവരെയും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ല. പക്ഷേ ഇനിയുള്ള നിയമനങ്ങള്‍ സർക്കാർ അറിഞ്ഞു മാത്രമായിരിക്കും. നിലവില്‍ എയ്ഡഡ് സ്കൂള്‍  അധ്യാപക തസ്തികകളിലേക്കുള്ള നിയമനം അതത് മാനേജ്മെന്‍റാണ് നടത്തുന്നത്. ഇനി സര്‍ക്കാര്‍ ഇടപെടല്‍ കൂടിയുണ്ടാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 

Also Read: എയ്‍ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടും; അന്യായമായി സൃഷ്ടിച്ച തസ്തികകള്‍ റദ്ദാക്കും

സ്കൂൾ അധ്യാപക നിയമനം സർക്കാർ അറിഞ്ഞു മതി എന്ന് പറയുന്നത് അഴിമതിക്ക് വകവയ്ക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ജീവനക്കാരുടെ പുനര്‍വിന്യാസത്തോടെ നിയമനങ്ങൾ പൂര്‍ണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. രണ്ടായിരം തസ്തിക ഇല്ലാതാക്കിയിട്ട് 1000 തസ്തിക താൽക്കാലികമായി തുടങ്ങുന്ന കൺകെട്ട് വിദ്യയാണ് ബജറ്റെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്നാല്‍, പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. സ്കൂൾ മാനേജുമെന്റുകൾ സര്‍ക്കാരിനെ വിരട്ടാൻ വരരുത്. ശമ്പളം കൊടുക്കാൻ സര്‍ക്കാരിന് പറ്റുമെങ്കിൽ സ്കൂളുകൾ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

Also Read: 'വിരട്ടൽ വേണ്ട'; സ്കൂൾ മാനേജ്മെന്‍റുകൾക്ക് മുഖ്യമന്ത്രി പിണറായിയുടെ മുന്നറിയിപ്പ്