മലപ്പുറം: മംഗളൂരുവിൽ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കർണ്ണാടക ബസ് തടഞ്ഞു. മൈസൂരുവിൽ നിന്ന് നാടുകാണി വഴി തൃശൂരിലേക്ക് വരികയായിരുന്ന കർണാടക ട്രാൻസ്​പോർട്ട്​ ബസാണ്​ തടഞ്ഞത്​. പ്രവർത്തകർ ബസിന്​ മുന്നിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണ്​. മാധ്യമ പ്രവർത്തകരെ വിട്ടയക്കുന്നത് വരെ വാഹനം വിടില്ലെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറിയിച്ചു. ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മറ്റിയാണ് വാഹനം തടയുന്നത്. പൊലീസ്​ സ്ഥലത്തെത്തിയിട്ടുണ്ട്​. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാൻ മലയാളി മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവിലെത്തിയത്. മൃതദേഹങ്ങൾ സൂക്ഷിച്ച ആശുപത്രിക്ക് സമീപത്ത് നിന്ന് രാവിലെ എട്ടരയോടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പരസ്പരം കാണാനോ സംസാരിക്കാനോ കസ്റ്റഡിയിലായവരെ പോലും അനുവദിക്കുകയും ചെയ്തില്ല. രേഖകൾ പരിശോധിക്കാനെന്ന വിശദീകരണത്തോടെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മുജീബ് ചെറിയാംപുരം, ക്യാമറമാന്‍ പ്രതീഷ് കപ്പോത്ത്, മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമർ ക്യാമറമാന്‍ അനീഷ്,  ന്യൂസ് 24 റിപ്പോര്‍‍ട്ടര്‍‍ ആനന്ദ് കൊട്ടില ക്യാമറമാന്‍ രഞ്ജിത്ത്, ന്യൂസ് 18 ക്യാമറമാന്‍ സുമേഷ് മൊറാഴ തുടങ്ങിയവരെല്ലാം പൊലീസ് കസ്റ്റഡിയിലാണ്.