തിരുവനന്തപുരം: ഐഎഎസ് തലത്തില്‍ വന്‍അഴിച്ചു പണി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ളവരെ മാറ്റി നിയമിച്ചത്. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി മാറ്റി നിയമിക്കും. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. 

കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.  മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായി മാറ്റി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.  പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിക്കും.  

അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.  ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്. സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.  ഹൗസിംഗ് കമ്മീഷണര്‍ ബി. അബ്ദുള്‍ നാസറിനെ കൊല്ലം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഐ ആന്‍റ് പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷിനെ കണ്ണൂര്‍ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. 

കെഎംആര്‍എല്‍ (കൊച്ചി മെട്രോ) മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പൊതുമേഖലാസ്ഥാപനങ്ങള്‍) സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും. 

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നല്‍കും.  കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്ക് കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ് ഡയറട്കറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. 

ലാന്‍റ് ബോര്‍ഡ് സെക്രട്ടറി സി.എ. ലതയെ ലാന്‍റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ യു.വി. ജോസിനെ ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.