തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സാമ്പത്തിക സംവരണം യാഥാർത്ഥ്യമാവുന്നു. ഇതിനായി സർവ്വീസ് ചട്ടത്തിൽ ഭേദഗതി വരുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർ‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. 

പൊതുവിഭാഗത്തിൽ നിന്നായിരിക്കും പത്ത് ശതമാനം സംവരണം. ഇത് മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആനുകൂല്യം ലഭിക്കും. വിജ്ഞാപനം ഇറങ്ങുന്നത് മുതൽ സംവരണം നിലവിൽ വരും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വിജ്ഞാപനം ഇറക്കാനാണ് സർക്കാർ നീക്കം. സാമ്പത്തിക സംവരണം നടപ്പാക്കാത്തതിൽ എൻഎസ്എസ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരുന്നത്. എൻഎസ്എസ് അടക്കമുള്ള മുന്നോക്ക സമുദായങ്ങളെ കൂടി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് മുൻപ് ചട്ടം ഭേദഗതി ചെയ്യുന്നത്.  

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതി വരുത്താനും മന്ത്രിസഭാ തീരുമാനിച്ചു. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കേസുകൾ മാത്രമേ ചുമത്താനാകൂ. ഈ സാഹചര്യത്തിലാണ് ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന വിധമുള്ള ഭേദഗതി കൊണ്ടുവരുന്നത്.  

സർക്കാർ ജീവനക്കാർക്ക് ഇനി സാലറി കട്ട് വേണ്ടെന്നും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ടുള്ള ധനവകുപ്പിൻ്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭരണാനുകൂല സംഘടനകൾ അടക്കം എതിർത്ത സാഹചര്യത്തിലാണ് വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. നേരത്തെ പിടിച്ച ശമ്പളം ഏപ്രിൽ മുതൽ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കും.