തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക് കൂടുതൽ പ്രതിസന്ധിയിൽ. ധനമന്ത്രി തോമസ് ഐസക് സിഎജിയുടെ കരടു റിപ്പോർട്ടല്ല അന്തിമ റിപ്പോർട്ട് തന്നെയാണ് വാർത്താ സമ്മേളനത്തിൽ വായിച്ചതെന്ന ആരോപണം കടുപ്പിച്ച് കൊണ്ട് സിഎജിയുടെ വാർത്താക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

2018-19 വർഷത്തേക്കുള്ള സിഎജിയുടെ അന്തിമ റിപ്പോർട്ട് സർക്കാരിനായി സമർപ്പിച്ചെന്നാണ് സിഎജി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. നവംബർ 11-നാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള വാർത്താക്കുറിപ്പ് സിഎജി പ്രസിദ്ധീകരിച്ചത്. നവംബർ ആറിന് നടപടികൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സിഎജി സമർപ്പിച്ചുവെന്നാണ് വാർത്താക്കുറിപ്പിലുള്ളത്. 

നവംബർ 14-നാണ് കരട് റിപ്പോർട്ട് എന്ന പേരിൽ ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോർട്ട് വിശദീകരിച്ചതും കിഫ്ബിയെ തകർക്കാൻ സിഎജി ശ്രമിക്കുന്നുവെന്നും ആരോപിച്ചത്. ധനമന്ത്രിയുടെ ആരോപണം ചർച്ച ചെയ്ത് അന്നേദിവസത്തെ ന്യൂസ് അവറിൽ ധനമന്ത്രി ഉപയോഗിച്ച് സിഎജിയുടെ കരട് റിപ്പോർട്ടല്ലെന്നും അന്തിമ റിപ്പോർട്ട് ആണെന്ന് ആദ്യം പരാതിപ്പെട്ടത് മാധ്യമനിരീക്ഷകനായ ജോസഫ് സി മാത്യുവാണ്. 

പരിശോധനകൾക്കും കണക്കെടുപ്പിനും ശേഷമാണ് സിഎജി തങ്ങളുടെ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുന്നത്. നിയമസഭയിൽ സിഎജി സമർപ്പിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങൾ നിയമസഭ ഔദ്യോഗികമായി സ്വീകരിച്ച ശേഷമേ അതിലെ കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകൂ. എന്നാൽ നിയമസഭയിൽ അന്തിമറിപ്പോർട്ട് എത്തും മുൻപേ തന്നെ ഇക്കാര്യം ധനമന്ത്രി പുറത്തു വിട്ടത് നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

കിഫ്ബി പോലൊരു ഏജൻസി വിദേശത്ത് നിന്നും വായ്പയെടുക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സിഎജി റിപ്പോർട്ടിലൂടെ വ്യക്തമാകുന്നതെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക് ആരോപിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.