കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രതിസന്ധിയിലും നാളികേരം ശേഖരിച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുകയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍.കോഴിക്കോട് ജില്ലയില്‍ നിന്ന് ഈ രീതിയില്‍ സ്വരൂപിച്ച പണം രണ്ട് ദിവ
സത്തിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

നാളികേരം ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പലരും പണം കണ്ടെത്തുന്നുണ്ട്. എഐവൈഎഫും കോഴിക്കോട്ട് ഈ രീതി സ്വീകരിച്ചു. ഒരുപാട് പേര്‍ പറമ്പുകളിലെ തെങ്ങുകളില്‍ നിന്ന് നാളികേരം ഇടാന്‍ ഇവര്‍ക്ക് അനുവാദവും നല്‍കി.അപ്പോഴാണ് ശരിക്കും
കുഴങ്ങിയത്. തെങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാനില്ല.രാവിലെ വിളിച്ചപ്പോള്‍ തൊഴിലാളി തെങ്ങിന്‍ മുകളിലാണ് .ഒടുവില്‍ നിര്‍ബന്ധിച്ച് ഒരു പറമ്പിലേക്ക് കൂട്ടിക്കൊണ്ട് വന്നു. കുറച്ച് തെങ്ങുകളില്‍ കയറിയപ്പോള്‍ ചൂടുകൂടുന്നു ഇനി വയ്യെന്നായി തൊഴിലാളി.

പൊറ്റമ്മല്‍ കൊടമോളി കുന്നിലെ പൂക്കാട് വീട്ടിലെത്തിയപ്പോള്‍ നാളികേരത്തിനൊപ്പം കുറച്ച് പണം കൂടി എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് കിട്ടി. വീട്ടിലെ ദിയമോള്‍ പിറന്നാളാഘോഷത്തിന് സ്വരൂപിച്ച കുറച്ച് പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. അന്‍പതിനായിരത്തോളം നാളികേരം ശേഖരിക്കാനാണ് എഐവൈഎഫിന്‍റെ തീരുമാനം. ഇതിനകം ഇരുപതിനായിരത്തോളം എണ്ണം ഇവർ ശേഖരിച്ചു കഴിഞ്ഞു.