കോട്ടയത്ത് ഇതാദ്യമായാണ് രോ​ഗികളുടെ എണ്ണം 2000 കടക്കുന്നത്. ഇവിടെ രോ​ഗബാധിതരിലേറെയും ന​ഗരമേഖലയിൽ നിന്നുള്ളവരാണ്. 

തിരുവനന്തപുരം: കോഴിക്കോട്ടും കോട്ടയത്തും 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ഇതാദ്യമായാണ് രോ​ഗികളുടെ എണ്ണം 2000 കടക്കുന്നത്. ഇവിടെ രോ​ഗബാധിതരിലേറെയും ന​ഗരമേഖലയിൽ നിന്നുള്ളവരാണ്. 

കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച 2645 കൊവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. 788 പേര്‍ ഇന്ന് രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്. വിദേശത്ത് നിന്ന് എത്തിയ ആരിലും രോ​ഗം സ്ഥിരീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഒരാള്‍ കൊവിഡ് പോസിറ്റീവ് ആയി. 52 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 2592 പേരാണ്. ബുധനാഴ്ച പുതുതായി വന്ന 3365 പേര്‍ ഉള്‍പ്പെടെ 37,828 പേര്‍ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.

കോട്ടയം ജില്ലയില്‍ 2140 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്. 2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോ​ഗം ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1062 പുരുഷന്‍മാരും 883 സ്ത്രീകളും 195 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 379 പേര്‍ രോഗമുക്തരായി.10878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 98633 പേര്‍ കോവിഡ് ബാധിതരായി. 86889 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25859 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.