ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ എംഎസ്എഫ് സ്ഥാനാര്‍ത്ഥി 16 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ചു

കോഴിക്കോട്: സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഒരു സീറ്റിലേക്കുള്ള വോട്ടെണ്ണലിൽ ജയം എംഎസ്എഫിന്. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തിലെ വോട്ടെണ്ണലിലാണ് എംഎസ്എഫ് സ്ഥാനാര്‍ത്ഥി അസിം തെന്നല ജയിച്ചത്. ആകെയുള്ള എട്ട് സീറ്റിൽ ആറിലും ജയിച്ചത് എസ്എഫ്ഐയാണ്. ഒരിടത്ത് കെഎസ്‌യുവായിരുന്നു ജയിച്ചത്. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ എംഎസ്എഫ് സ്ഥാനാര്‍ത്ഥി 16 വോട്ട് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

നേരത്തെ നടന്ന വോട്ടെണ്ണലിൽ എംഎസ്എഫ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ജയം. പിന്നാലെ എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെട്ടു. വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചില വോട്ടുകൾ അസാധുവാണെന്ന് ആരോപിച്ചു. ഇതിനിടെ എംഎസ്എഫിന്റെയും എസ്എഫ്ഐയുടെയും പ്രതിനിധികൾ തമ്മിൽ വോക്പോര് തുടങ്ങി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് വോട്ടെണ്ണൽ നിര്‍ത്തിയത്. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു ഇത്. കനത്ത പോലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ പത്തര മുതല്‍ സെനറ്റ് ഹൗസില്‍ വോട്ടെണ്ണല്‍ നടത്തിയത്. അക്കാദമി കൗൺസിലിൽ എംഎസ്എഫിന് ആദ്യമായാണ് പ്രതിനിധിയെ ജയിപ്പിക്കാൻ കഴിയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്