Asianet News MalayalamAsianet News Malayalam

കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; സംസ്ഥാന ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും

Call Linkage Of 500 MW For Kerala For The First Time In State History KSEB Inform
Author
First Published Aug 31, 2024, 2:47 PM IST | Last Updated Aug 31, 2024, 2:55 PM IST

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോൾ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്ഇബി . 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതോത്പാദനത്തിനായി കൽക്കരി ലഭ്യമാക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. 

സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുകയാണെന്നും ഇത് പരിഹരിക്കാൻ 500 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കുത്തനെ ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ പവർ എക്ചേഞ്ചിൽ നിന്ന് വലിയ വിലയ്ക്ക് തത്സമയം വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കേരളം കേന്ദ്ര ഊർജ്ജ മന്ത്രാലയത്തെ ധരിപ്പിക്കുകയുണ്ടായി. 2031-32 ഓടെ 80 ജിഗാവാട്ട് വൈദ്യുതി കൽക്കരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. 

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി തയ്യാറാക്കിയ റിസോഴ്സ് അഡെക്വസി പ്ലാൻ അനുസരിച്ച് കേരളത്തിന് 2031-32 ഓടെ 1473 മെഗാവാട്ടിന്റെ കൽക്കരി അധിഷ്ഠിത വൈദ്യുതി അധികമായി ആവശ്യമായി വരുമെന്നും കെഎസ്ഇബി വിശദീകരിച്ചു. നിലവിലെ  ലഭ്യത ഏകദേശം 400 മെഗാവാട്ട് മാത്രമാണ്. ശക്തി ബി4 പദ്ധതിയുടെ ഭാഗമായി കേരളത്തിന് കോൾ ലിങ്കേജ് അനുവദിക്കാവുന്നതാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി ഏജൻസിയും നീതി ആയോഗും ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കോൾ ലിങ്കേജ് അനുവദിച്ച് ഉത്തരവായതെന്നും കെഎസ്ഇബി അറിയിച്ചു.

കോൾ ഇന്ത്യയുടെ ഏതെങ്കിലും കൽക്കരിപ്പാടത്തിൽ നിന്നായിരിക്കും ജി13 ഗ്രേഡിലുള്ള കൽക്കരി ലഭ്യമാവുക. ഇതിലൂടെ സംസ്ഥാനത്തിന് കുറഞ്ഞ വിലയ്ക്ക് 500 മെഗാവാട്ട് വൈദ്യുതി ഭാവിയിൽ ലഭ്യമാകും. രാജ്യത്തെ നിലവിലുള്ളതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ കൽക്കരി നിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള കരാറിൽ സംസ്ഥാനം ഏർപ്പെടേണ്ടതുണ്ട്. സംസ്ഥാന സർക്കാരും കെ എസ് ഇ ബിയും കൽക്കരി കമ്പനിയും വൈദ്യുത നിലയവും തമ്മിലുള്ള കരാറിലൂടെയാണ് വൈദ്യുതി ലഭ്യമാക്കുക. 2025 ജനുവരിക്ക് മുമ്പ് ഇതിനുള്ള താരിഫ് അധിഷ്ഠിത ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും 2025 ഓഗസ്റ്റോടെ വൈദ്യുതി ലഭ്യമായിത്തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios