പി ജയരാജനായി പിണറായിയുടെ മണ്ഡലമായ ധർമടത്ത് ഫ്ലക്സ് ബോർഡ്. കടമ്പൂർ ആടൂരിലാണ് ബോർഡ് സ്ഥാപിച്ചത്

കണ്ണൂർ: പി ജയരാജനായി പിണറായിയുടെ മണ്ഡലമായ ധർമടത്ത് ഫ്ലക്സ് ബോർഡ്. കടമ്പൂർ ആടൂരിലാണ് ബോർഡ് സ്ഥാപിച്ചത്. പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നണ് ബോർഡില്‍ എഴുതിയിരിക്കുന്നത്. പി ജയരാജന്‍റെ ഫേയ്സ് ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ ഉണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാർട്ടി പ്രവർത്തകർ തന്നെ പരസ്യമായി പിണറായിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇന്നിപ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ വേണ്ടെന്ന നിലപാടുമായി സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. സിപിഐ നേതൃയോഗത്തിലാണ് നേതാക്കൾ അഭിപ്രായം അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആൾ വരണമെന്നും പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടിയെന്നുമാണ് സിപിഐ ഉയർത്തുന്ന വിമർശനം. പ്രതിപക്ഷ നേതാവാകാൻ പിണറായിക്ക് സാധ്യത ഏറി വരുന്നതിനിടയിലാണ് സിപിഐ വിമർശനം ഉന്നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെയാവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഭരണപക്ഷ നിലയിൽ വൻ സംഖ്യ അപ്പുറത്തുള്ളപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാണെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാനും സാധ്യതയുണ്ട്.

YouTube video player