Asianet News MalayalamAsianet News Malayalam

With The Nuns : കന്യാസ്ത്രീയെ ചേ‍ർത്ത് പിടിക്കാൻ ക്യാംപയിൻ, സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളുമായി സോഷ്യൽ മീഡിയ

''അവർ തോൽക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവർ പൊരുതുന്നത്..''

Campaign to support nun, social media with handwritten letters
Author
Kochi, First Published Jan 19, 2022, 11:47 AM IST

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈം​ഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണയുമായി കത്തെഴുതി ക്യാംപയിൻ. ലൈം​ഗിക പീഡനക്കേസിൽ ഫ്രാങ്കോ മുളക്കൽ കുറ്റക്കാരനെന്ന് കോടതി വിധിക്കുകയും ബിഷപ്പിനെ വെറുതെ വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്രമിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ അറിയിച്ച് കത്തെഴുതിക്കൊണ്ടുള്ള ക്യാംപയിൻ ആരംഭിച്ചത്. വിധി വന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് നിരവധി കന്യാസ്ത്രീക്ക് പിന്തുണയറിയിച്ചിരുന്നു. സിനിമാ സാംസ്കാരിക പ്രവർത്തകരും ഡബ്ല്യുസിസി  അടക്കമുള്ള സംഘടനകളും കന്യാസ്ത്രീക്കൊപ്പമെന്ന് അറിയിച്ചു. 

മാധ്യമ പ്രവ‍ർത്തക ഷാഹിന കെ കെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്യാംപയിൻ വിശദീകരിച്ചു. 'അവർ തോൽക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവർ പൊരുതുന്നത്' - കത്തെഴുതാൻ ആവശ്യപ്പെട്ടുകൊണ്ട് ഷാഹിന കുറിച്ചു. 

നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, സാഹിത്യകാരി കെ ആർ മീര എന്നിവരടക്കം നിരവധി പേർ കന്യാസ്ത്രീക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

ഷാഹിന കെ കെയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രിയപ്പെട്ടവരേ ,
കഴിഞ്ഞ ആഴ്ച  ഇതേ സമയമാണ് ആ കോടതി വിധി വന്നത്. .സ്ത്രീകളുടെ പോരാട്ടങ്ങളെ തളർത്തുന്ന , നമ്മളെയൊക്കെ നിരാശയിലേക്ക് തള്ളിവിട്ട ആ വിധി . അന്നേ ദിവസം കോട്ടയത്ത് പോയി ആ കന്യാസ്ത്രീയെ - അവർക്ക് വേണ്ടി പോരാടിയ ആ അഞ്ച് കന്യാസ്ത്രീകളെയും -ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും തോന്നിയില്ലേ നിങ്ങൾക്ക് ? എനിക്ക് തോന്നി . പക്ഷേ നമുക്ക് അത് കഴിയില്ലല്ലോ , അപ്പോൾ അവരെ  പിന്തുണക്കാൻ, അവർ തനിച്ചല്ലെന്ന് അറിയിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും ? ആ ആലോചനയിൽ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായത് . അവർക്ക് കത്തെഴുതുക . നമ്മൾ കൂടെയുണ്ടെന്ന് , ഈ പോരാട്ടത്തിൽ ഒറ്റക്കല്ലെന്ന് അവരെ അറിയിക്കുക . സ്വന്തം കൈപ്പടയിൽ എഴുതുന്ന കത്തുകൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഇമെയിൽ ഐഡി യിലേക്ക് അയക്കാം .ഈ ഐഡി കൈകാര്യം ചെയ്യുന്ന ഏതാനും സുഹൃത്തുക്കൾ അവ പ്രിന്റ് ഔട്ട് എടുത്ത് മഠത്തിൽ എത്തിക്കും . നമ്മുടെ വാക്കുകൾ , നമ്മുടെ ഉറപ്പുകൾ , നമ്മുടെ ചേർത്ത് പിടിക്കൽ അവർക്കിപ്പോൾ വളരെ ആവശ്യമാണ് . ഞാൻ അയച്ച കത്ത്ഈ ഇവിടെ ചേർക്കുന്നു . നിങ്ങളും കത്തയക്കൂ  ഹാഷ്ടാഗ് കൂടി ചേർത്ത് നിങ്ങളുടെ കത്തുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യൂ . കാരണം അവർ തോൽക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവർ പൊരുതുന്നത്.
solidarity2sisters@gmail.com എന്ന ഐഡി യിലേക്ക് എഴുതൂ. നിങ്ങൾ കൂടെയുണ്ടെന്ന് അവരെ അറിയിക്കൂ 
#WithTheNuns
#Avalkkoppam

Follow Us:
Download App:
  • android
  • ios