ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറിമാറി പിന്തുണച്ച ചരിത്രമുള്ള അടൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കനക്കും. മൂന്ന് തവണ വിജയിച്ച ചിറ്റയം ഗോപകുമാറിന് പകരം പ്രിജി കണ്ണനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയപ്പോൾ, വികസനമാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം. 

പട്ടികജാതി വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് അടൂർ. ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും മാറി മാറി പിന്തുണയ്ക്കുന്ന മണ്ഡലമാണ് അടൂർ. 1991 മുതൽ 2006 വരെ കോൺ​ഗ്രസിലെ തിരുവഞ്ചൂർ രാധാക‍ഷ്ണനായിരുന്നു മണ്ഡലത്തിൽ വിജയിച്ചുവന്നിരുന്നത്. ഇടതുപക്ഷത്തിൻ്റെ കൈയ്യിൽനിന്നും തിരുവഞ്ചൂർ രാധാക‍ൃഷ്ണൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് 2011ൽ ചിറ്റയം ​ഗോപകുമാറാണ് യുഡിഎഫിൽനിന്നും മണ്ഡലം പിടിച്ചെടുക്കുന്നത്. 2021 വരെ ചിറ്റയം ​ഗോപകുമാർ തന്നെയാണ് മണ്ഡലത്തിൽ വിജയിച്ചുകൊണ്ടിരുന്നത്. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന് സിപിഐ ഇളവ് നൽകുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐ ജില്ലാ നേതൃത്വം. എന്നാൽ തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനില്‍ക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെ ചിറ്റയം പട്ടികയിൽ നിന്നും പുറത്താകുകയായിരുന്നു. തുടർന്ന് പ്രിജി കണ്ണനെയാണ് സിപിഐ ഇടതുപക്ഷ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്.

സ്ഥിരതയാർന്ന പ്രവർത്തനമാണ് അടൂരിലെ ജനങ്ങൾ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള തടസ്സങ്ങൾ നീക്കി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ സ്ഥാനാർത്ഥിക്ക് കഴിയണം. പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങളേക്കാൾ, അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പതിയെ രൂപപ്പെടുന്ന നിലപാടുകളാണ് അടൂർ വോട്ടർമാരുടേതെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കണക്കുകൾ ശ്രദ്ധിക്കുമ്പോൾ‌ മനസിലാകും. പ്രത്യയശാസ്ത്രപരമായ വാദങ്ങളേക്കാൾ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് ഇവിടെ വോട്ടർമാർ മാർക്കിടുന്നത്.

2011ലെ തെരഞ്ഞെടുപ്പ്

2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ നേതാവ് ചിറ്റയം ​ഗോപകുമാർ കേവലം 607 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺ​ഗ്രസ് നേതാവ് പന്തളം സുധാകരനെ തോൽപ്പിച്ചത്. ചിറ്റയം ​ഗോപകുമാറിന് 63,501 വോട്ടുകളും പന്തളം സുധാകരന് 62,894 വോട്ടുകളും ബിജെപി സ്ഥാനാർഥി കെകെ ശശിക്ക് 6,210 വോട്ടുകളുമാണ് ലഭിച്ചത്. വളരെ കുറഞ്ഞ വോട്ടുകൾക്കായിരുന്നു മണ്ഡലം ചിറ്റയം ​ഗോപകുമാർ പിടിച്ചെടുക്കുന്നത്. ‌

2016ലെ തെര‍ഞഞെടുപ്പ്

2016ലെ നിയമസഭ തെരഞ്ഞെടുപ്പും സിപിഎം നേതാവ് ചിറ്റയം ​ഗോപകുമാർ തന്നെയാണ് എൽഡിഎഫിനുവേണ്ടി കളത്തിലിറങ്ങിയത്. 76034 വോട്ടുകളായിരുന്നു ചിറ്റയം ​ഗോപകുമാറിന് ലഭിച്ചത്. വോട്ട് വിഹിതം വർധിപ്പിക്കാൻ ചിറ്റയം ​ഗോപകുമാറിന് സാധിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത് കോൺ​ഗ്രസ് നേതാവ് കെകെ ഷാജുവായിരുന്നു. 50,574 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. 25,460 എന്ന വൻ ഭൂരിപക്ഷത്തിലാണ് ചിറ്റയം ​ഗോപകുമാർ വിജയിച്ചത്. ബിജെപി സ്ഥാനാർഥി പി സുധീറിന് 25,940 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് നല്ല തോതിൽ വോട്ട് ശതമാനം വർധിപ്പിക്കാൻ സാധിച്ചു.

2021ലെ തെര‍ഞ്ഞെടുപ്പ്

2021ലെ തെരഞ്ഞെടുപ്പിൽ വീണ്ടം ചിറ്റയം ​ഗോപകുമാർ തന്നെയാണ് മത്സരിച്ചത്. എംജി കണ്ണനായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ചത്. കടുത്ത മത്സരം തന്നെയായിരുന്നു മണ്ഡലത്തിൽ നടന്നത്. 2,919 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചിറ്റയം ​ഗോപകുമാർ വിജയിച്ചത്. ബിജെപി സ്ഥാനാർ‌ഥി പന്തളം പ്രതാപന് 23,980 വോട്ടുകളും നേടാൻ സാധിച്ചു.

സ്ഥാനാർഥികൾ

എൽഡിഎഫിനുവേണ്ടി ഇപ്രാവശ്യം സിപിഐ നേതാവ് പ്രിജി കണ്ണനാണ് മത്സരത്തിനിറങ്ങുന്നത്. 2020-2025 ൽ കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനിൽ നിന്നും 10848 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വ്യക്തിയാണ് പ്രിജി കണ്ണൻ. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ പള്ളിക്കൽ ഡിവിഷനിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവുമാണ് അവർക്ക് നിയമസഭാ സീറ്റിലേക്കുള്ള വഴി തുറന്നത്. സിവി ശാന്തകുമാർ ആണ് കോൺ​ഗ്രസ് സ്ഥാനാർഥി. അഡ്വ. പന്തളം പ്രതാപൻ തന്നെയാണ് ബിജെപിക്കായി ഇത്തവണ ഇറങ്ങുന്നത്.

സ്ഥാനാർഥികളുടെ അവകാശ വാദങ്ങൾ

ചിറ്റയം ഗോപകുമാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച 15 വര്‍ഷത്തിനിടെ കോടി കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അടൂര്‍ മണ്ഡലത്തിലാകമാനം എന്ന അവകാശ വാദമാണ് പ്രിജി കണ്ണൻ ഉയർത്തുന്നത്. സ്‌കൂളുടെ വികസനവും റോഡുകളുടെ നിലവാരം ഉയര്‍ന്നതും അടൂര്‍ ഇരട്ടപ്പാലവും കൊടുമണ്‍ സേ്‌റ്റഡിയം യാഥാര്‍ഥ്യമായതും ആശുപത്രി വികസനവും ചൂണ്ടിക്കാട്ടിയാണ് പ്രിജി കണ്ണൻ വോട്ടുചോദിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്.

ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അടുത്തിടെ മൃതദേഹം അഴുകിയ സംഭവം ഉള്‍പ്പെടെ എണ്ണിപ്പറഞ്ഞ്‌ ഒന്നും ചെയ്യാത്ത 15 വര്‍ഷമാണ്‌ കടന്നുപോയതെന്നാണ് ബിജെപി സ്ഥാനാർഥി പന്തളം പ്രതാപൻ ഇടതുപക്ഷത്തിനുനേരെ എയ്യുന്ന അമ്പ്. അടൂരിനു 15 വര്‍ഷം നഷ്‌ടമായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിവച്ച പദ്ധതികള്‍ മാത്രമേ മണ്ഡലത്തില്‍ ഉള്ളൂവെന്നും ചിറ്റയം ​ഗോപകുമാർ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് യു‍ഡിഎഫ് സ്ഥാനാർഥി സിവി ശാന്തകുമാര്‍ വ്യക്തമാക്കുന്നത്.