തിരുവനന്തപുരം: അർബുദ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്‍പ്പുമായി സർക്കാർ. പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ക്യാന്‍സർ കെയർ ബോര്‍ഡ് രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് അർബുദം. സംസ്ഥാനത്ത് ഓരോ വർഷവും 50,000 ത്തിലേറെ പേരാണ് അർബുദ ബാധിതരാകുന്നത്. അർബുദ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കാനുമാണ് ക്യാൻസർ കെയർ ബോർഡ് രൂപീകരിക്കുന്നത്. 

അർബുദവുമായി ബന്ധപ്പെട്ട്  നടപ്പാക്കുന്ന പദ്ധതികൾ, പ്രവർത്തനങ്ങൾ, നയങ്ങൾ എന്നിവ ഈ ബോര്‍ഡായിരിക്കും അന്തിമമായി തീരുമാനിക്കുന്നത്. മരുന്നുകളുടെ വില നിയന്ത്രണം, പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എന്നിവയും ബോർഡിന് കീഴിലാകും,സംസ്ഥാനത്തെ മൂന്ന് ക്യാന്‍സർ സെന്‍ററുകളെയും, മെഡിക്കൽ കോളേജുകളെയും അർബുദ ചികിത്സ ലഭ്യമായ മറ്റ് സർക്കാർ സ്വകാര്യ ആശുപത്രികളേയുമാണ് ഒരു കുടക്കീഴിലാക്കുന്നത്. ആരോഗ്യ മന്ത്രി അധ്യക്ഷത വഹിക്കുന്ന സംസ്ഥാനതല സമിതിയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീജിയണല്‍ കാന്‍സര്‍ സെന്‍ററുകളിലെ ഡയറക്ടര്‍മാര്‍ എന്നിവരും അംഗങ്ങളാകും.