Asianet News MalayalamAsianet News Malayalam

പ്രത്യേക അനുമതി ലഭിച്ചു; തലശ്ശേരി സ്വദേശിയായ രോഗിയെ ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചു

കേന്ദ്ര വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയോടെയാണ് പ്രത്യേക എയർ ആംബുലൻസിൽ ഇയാളെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. 

cancer patient from britain rushed to kozhikode in air ambulance
Author
Kozhikode, First Published Apr 24, 2020, 12:37 PM IST

കോഴിക്കോട്:  ബ്രിട്ടനിൽ ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ രോഗിയെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടെ ആസ്റ്റര്‍ മിംസില്‍ എത്തിച്ചു. ബ്രിട്ടനിലെ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസിനെയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിച്ചത്. കേന്ദ്ര വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയോടെയാണ് പ്രത്യേക എയർ ആംബുലൻസിൽ ഇയാളെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. 

മന്ത്രാലയങ്ങൾ നൽകിയ അനുമതി പ്രകാരമാണ് വിമാനത്തിന് ബോംബെ, കരിപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചത്. ബ്രിട്ടണിലെ നോട്ടിംഗ് ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്ന പ്രസാദിന്‍റെ ചികിത്സ കൊവിഡിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. മലയാളി വാട്സ്ആപ്പ് കൂട്ടായ്മയാണ് തലശേരി സ്വദേശിയായ എഞ്ചിനിയര്‍ പ്രസാദ് ദാസിനെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ കരിപ്പൂരിലെത്തിക്കാൻ ഇടപെട്ടത്. പ്രസാദ് ദാസിന്റെ ദുരിതമറിഞ്ഞ ഡിസ്ട്രസ് മാനേജ്മെന്‍ര് കളക്ടീവ് എന്ന മലയാളി വാട്സ് ആപ്പ് കൂട്ടായ്മ ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ ഉറപ്പാക്കുകയായിരുന്നു.

ഗ്രൂപ്പ് രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്സ് കണ്ണന്താനം, ബ്രിസ്റ്റള്‍ ബ്രാഡ്ലി സ്റ്റോക്കിന്‍റെ മേയര്‍ ടോം ആദിത്യയുമായി  സംസാരിച്ചു. സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കിയാല്‍ എയര്‍ ആംബുലന്‍സ് വിട്ടു നല്‍കാമെന്ന് മേയര്‍ അറിയിച്ചു. കേരളം സമ്മതിച്ചാല്‍ മറ്റ് തടസങ്ങളില്ലെന്ന് ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളും നിലപാടറിയിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ ആശയവിനിമയത്തിന് ശേഷം അടിയന്തരമായി ഉത്തരവിറക്കുകയായിരുന്നു.

ലണ്ടനില്‍  ഐടിമേഖലയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന്  അവിടെ ചികിത്സയിലായിരുന്നു. ഒരുവര്‍ഷം മുന്‍പ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തില് ചികില്‍സ പൂര്‍ത്തിയാക്കി യുകെയിലേക്ക് മടങ്ങിയ ഇദ്ദേഹം കുടുംബ സമേതം അവിടെ താമസമായിരുന്നു.

ആസ്റ്റര്‍ മിംസിലെ സീനിയര്‍ ഗാസ്ട്രോ ഇന്‍റസ്റ്റെനല്‍ സര്‍ജന്‍ ഡോ. അഭിഷേക് രാജന്‍, ഗാസ്ട്രോ ഇന്‍റസ്റ്റെനല്‍ സയന്‍സ് മേധാവി  ഡോ. അനീഷ് കുമാര്‍, ഗാസ്ട്രോ ഇന്‍റസ്റ്റെനല്‍ സര്‍ജറി മേധാവി ഡോ. സജീഷ് മഹാദേവന്‍. ഡോ.സീതാലക്ഷ്മി, ഡോ.നൗഷിഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചികില്‍സ പുരോഗമിക്കുന്നത്.

Follow Us:
Download App:
  • android
  • ios