Asianet News MalayalamAsianet News Malayalam

റേഡിയേഷന്‍ യന്ത്രം പണിമുടക്കിയിട്ട് മാസങ്ങള്‍; കോട്ടയം മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ ചികില്‍സ അവതാളത്തില്‍

മധ്യകേരളത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ യന്ത്രങ്ങള്‍ രണ്ടെണ്ണമാണുളളത്. കോടികള്‍ വിലവരുന്ന രണ്ടു യന്ത്രങ്ങളില്‍ ഒന്നാണ് കേടായത്.

Cancer radiation equipment disrupted in Kottayam medical college hospital
Author
Kottayam, First Published Jun 28, 2022, 7:31 AM IST

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ ചികില്‍സ അവതാളത്തില്‍. രണ്ട് റേഡിയേഷന്‍ യന്ത്രങ്ങളില്‍ ഒന്ന് പണിമുടക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇത് നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ ഉളള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സാധാരണക്കാരായ ക്യാന്‍സര്‍ രോഗികൾ ഉള്‍പ്പെടെയുളളവര്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

 കോട്ടയം മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ മുറികളിലൊന്ന്  അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസം കുറേയായി. മധ്യകേരളത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ യന്ത്രങ്ങള്‍ രണ്ടെണ്ണമാണുളളത്. കോടികള്‍ വിലവരുന്ന രണ്ടു യന്ത്രങ്ങളില്‍ ഒന്നാണ് കേടായത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒരെണ്ണം മാത്രം. അതുകൊണ്ടു തന്നെ ചികില്‍സ വൈകുന്നെന്ന പരാതിയാണ് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ പങ്കുവയ്ക്കുന്നത്.

കേടായ യന്ത്രം എപ്പോള്‍ നന്നാക്കുമെന്ന കാര്യം പോലും പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും വന്‍ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും രോഗികള്‍ പറയുന്നു. ഏഴു വര്‍ഷത്തോളം പഴക്കമുളള റേഡിയേഷന്‍ യന്ത്രമാണ് കേടായതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഇതിന്‍റെ സര്‍വീസ് കാലാവധി കഴിഞ്ഞെന്നും അതിനാല്‍ അറ്റകുറ്റപ്പണി സാധ്യമല്ലെന്നാണ് നിര്‍മാണ കമ്പനി അറിയിച്ചതെന്നുമാണ് ആശുപത്രി അധികൃതകരുടെ വിശദീകരണം.

അതുകൊണ്ടു തന്നെ പുതിയ യന്ത്രം വാങ്ങുക മാത്രമാണ് പോംവഴിയെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുളള ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് അവകാശപ്പെട്ടു. പുതിയ യന്ത്രം വാങ്ങാനുളള നടപടികള്‍ വൈകുമെന്നതിനാല്‍ രോഗികളുടെ ദുരിതം എന്നു തീരുമെന്നു പോലും പറയാനാകാത്ത സ്ഥിതിയാണിപ്പോള്‍.
 

Follow Us:
Download App:
  • android
  • ios