തിരുവനന്തപുരം:നിയമനം വൈകുന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെയുള്ള പിഎസ് സി നിലപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്‍സിയെ മോശമായി ചിത്രീകരിക്കുന്ന നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‍സിയെ പോലൊരു സ്ഥാപനത്തിന്‍റെ വിശ്വാസ്യതയെ ത‍കർക്കുന്ന രീതിയിലെ ഇടപെടൽ നമ്മുടെ നാടിന് ചേ‍ർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം മാധ്യമങ്ങളോട് സംസാരിച്ചതിന്‍റെ പേരില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുളള തീരുമാനത്തെ ചൊല്ലി പിഎസ്‍സിയില്‍ സര്‍വത്ര ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ശേഷം മാത്രമേ നടപടിയെ കുറിച്ച് ആലോചിക്കൂ എന്നുമാണ് പിഎസ്‍സി അധികൃതരുടെ പുതിയ വിശദീകരണം. ഒപ്പം തന്നെ ഒരു വര്‍ഷം മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചതിന്‍റെ പേരില്‍ രണ്ട് ഉദ്യോഗാര്‍ഥികളെ വിലക്കിക്കൊണ്ടുളള ഉത്തരവ് പുറത്ത് വരികയും ചെയ്തു. 

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനം വൈകുന്നതിനെതിരെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പണി കിട്ടിയവര്‍ പരമ്പരയില്‍ ഉദ്യോഗാര്‍ഥികള്‍ സംസാരിച്ചതിനു പിന്നാലെയാണ് ഉദ്യോഗാര്‍ഥികളെ വിലക്കുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും 25 ന് വാര്‍ത്താക്കുറിപ്പിലൂടെ പിഎസ് സി അറിയിച്ചത്. എന്നാല്‍ സംഭവം വിവാദമായതിനു പിന്നാലെയാണ് ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന വിശദീകരണം പിഎസ് സി ചെയര്‍മാനും സെക്രട്ടറിയും നല്‍കുന്നത്. ആഭ്യന്തര വിജിലന്‍സിന്‍റെ അന്വേഷണത്തിനു ശേഷം മാത്രമാകും ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.