തിരുവല്ല: ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല സംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല. അതു കൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവില്ലെന്ന് തന്നെയാണ് സർക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാടെന്നും മുഖ്യമന്ത്രി തിരുവല്ലയിൽ പറഞ്ഞു .പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ നൂറ്റിനാൽപ്പത്തി രണ്ടാം ജന്മദിന മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവോത്ഥാന കാലം ഉയർത്തിപ്പിടിച്ച ആശയങ്ങളെ തമസ്കരിക്കാനും നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിയിടാനും ബോധപൂർവം ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും എല്ലാത്തരം സംവാദങ്ങളേയും അടച്ചുവയ്ക്കാനുള്ള ശ്രമമുണ്ടാവുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. കുഴിച്ചു മൂടിയ ജീര്‍ണതകളെ ഉയര്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ഇതു വര്‍ഗ്ഗീയ ശക്തികളുടെ കുടില ബുദ്ധിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.