ഇലക്ട്രിക് ഓട്ടോ സർവീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടു.

കോഴിക്കോട് : കോഴിക്കോട്ടെ ഇലക്ട്രിക് ഓട്ടോ സർവ്വീസിനെതിരെ (Electric Auto) ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഉയർത്തുന്ന പ്രതിഷേധം തുടരുന്നു. ഇലക്ട്രിക് ഓട്ടോകളെ വഴിയില്‍ തടഞ്ഞുള്ള പ്രതിഷേധത്തിനെതിരെ യൂണിയൻ തന്നെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും നഗരത്തിൽ പലയിടത്തും അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഇലക്ട്രിക് ഓട്ടോ സർവീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടതായി പരാതി ഉയർന്നു. തൃശൂർ സ്വദേശി ജയപ്രകാശിനാണ് ഓട്ടോ ഡ്രൈവർമാരിൽ നിന്നും ദുരനുഭവമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. യാത്രക്കാരനും ഓട്ടോ ഡ്രൈവറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടക്കാവ് പൊലീസ് കേസെടുത്തു.

ആശുപത്രിയിൽ പോകുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഓട്ടോ താൻ സഞ്ചരിച്ച ഓട്ടോയെ ബ്ലോക്ക് ചെയ്ത് നിർത്തുകയായിരുന്നുവെന്നും ഓട്ടോ വിടാൻ അനുവദിക്കില്ലെന്നും ജയപ്രകാശ് പറഞ്ഞു. ആശുപത്രിയിലേക്കാണെന്നും രണ്ട് ഗുളിക കഴിച്ചതാണെന്നും എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ല. പോകാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു തടയാനെത്തിയവർ. ''നിങ്ങള് ചത്താലും വേണ്ടിയില്ല, ഞങ്ങളുടെ അഭിമാന പ്രശ്നമാണിതെന്നാണ് അയാൾ പറഞ്ഞതെന്നും ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. 

പെർമിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിഐടിയു ആവർത്തിക്കുമ്പോഴാണ് കോഴിക്കോട് നഗരത്തില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. അതേസമയം അതിക്രമം ആവർത്തിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റി.

YouTube video player