കളളപ്പണ ഇടപാടാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്.  ഭൂമിയിടപാടിന്‍റെ രേഖകൾ നേരത്തെ തന്നെ അന്വേഷണസംഘം അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു

കൊച്ചി : സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോ‍ർജ് ആലഞ്ചേരി അടക്കമുളളവരെ എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് ചോദ്യം ചെയ്യും. കളളപ്പണ ഇടപാടാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ഇടപാടിന്‍റെ രേഖകൾ നേരത്തെ തന്നെ അന്വേഷണസംഘം അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു. കർദിനാൾ മാർ ജോർജ് ആല‌ഞ്ചേരിക്ക് പുറമേ നിലവിലെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേ‍ഡ് അക്കൗണ്ടന്‍റ് എന്നിവരിൽ നിന്നും വിവരങ്ങൾ തേടും. 

അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കർദ്ദിനാൾ അടക്കം മൂന്ന് പേരെ പ്രതിയാക്കി ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസുകൾ. കർദ്ദിനാളിന് പുറമെ സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ സാജു വ‍ർഗീസ് കുന്നേൽ എന്നിവരാണ് കേസിലെ കൂട്ട് പ്രതികൾ.

അതേ സമയം, സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറലിന് അപേക്ഷ ലഭിച്ചു. എറണാകുളം കലൂർ സ്വദേശി കെ. ഒ ജോണിയാണ് അപേക്ഷ നൽകിയത്. കർദിനാൾ തുടർച്ചയായി കോടതികളെ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തുന്നുവെന്നാണ് പരാതി. അന്യായ വിധികൾ പുറപ്പെടുവിച്ച് പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് സഭാ ആസ്ഥാനത്ത് നടന്ന ദുഖവെള്ളി ആചരണ ചടങ്ങിൽ കർദിനാൾ പ്രസംഗിച്ചത്. ഇത്തരം വാക്കുകൾ വിശ്വാസികളെ സ്വാധീനിക്കുമെന്നും അവർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകാൻ കാരണമാകുമെന്നും അപേക്ഷയിൽ കുറ്റപ്പെടുത്തുന്നു. 

സഭാ ഭൂമിയിടപാട് കേസ്: ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരാകില്ല, കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കും

YouTube video player