കോട്ടയം: പാലാ കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ജഡ്ജിയുടേയും ജീവനക്കാരുടെയും വാഹനങ്ങളുടെ ചില്ല് അടിച്ചുപൊട്ടിച്ച നിലയില്‍. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. സ്ഥലത്ത് സിസിടിവി ഇല്ലാത്തതും ആക്രമികളെ കണ്ടെത്തുന്നതിന് തടസ്സമായി.

വാഹന അപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജിയും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ കെ കമനീഷിന്റെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളുടെ ചില്ലുകളാണ് തകര്‍ത്തത്. ജഡ്ജിയുടെ വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ തകര്‍ത്തപ്പോള്‍ ജീവനക്കാരന്റെ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തു.

കോടതിയുടെ മറ്റ് ഭാഗങ്ങളില്‍ ക്യാമറ ഉണ്ടെങ്കിലും പാര്‍ക്കിംഗിൽ സിസിടിവി ക്യാമറ ഇല്ല. ചില്ല് തകര്‍ന്ന ഭാഗത്ത് കല്ലിന്റെ പൊടിയോ മറ്റോ കണ്ടെത്താത്തതിനാല്‍ കമ്പിവടി പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചതാവാമെന്നാണ് കരുതുന്നത്. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.