Asianet News MalayalamAsianet News Malayalam

ആയുസ് മുറിയാത്ത വര; ഇന്ന് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 119ാം ജന്മവാർഷികം

കായംകുളത്തുനിന്ന് അതിരുകളില്ലാതെ വളർന്ന കെ.ശങ്കരപിളള എന്ന ശങ്കർ. ഹിന്ദുസ്ഥാൻ ടൈംസ് മുതൽ ശങ്കേഴ്സ് വീക്കിലി വരെ നീണ്ട യാത്ര

Cartoonist Shankar 119th birthday
Author
Thiruvananthapuram, First Published Jul 31, 2021, 8:06 AM IST

തിരുവനന്തപുരം: കാർട്ടൂൺ ഇതിഹാസം ശങ്കറിന്‍റെ നൂറ്റിപത്തൊൻപതാം ജന്മവാർഷികമാണിന്ന്. ഇന്ത്യൻ കാർട്ടൂണിന്‍റെ പിതാവിന് അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ കേരള കാർട്ടൂൺ അക്കാദമിയുമായി ചേർന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും ആദർമർപ്പിക്കുന്നു. ഒരേയൊരു ശങ്കർ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ പല തലമുറകളിലെ കാർട്ടൂണിസ്റ്റുകൾ വരച്ച ശങ്കർ ചിത്രങ്ങൾ കാണാം.

ജവഹർലാൽ നെഹ്റുവിന്‍റെ മരണത്തിന് പത്ത് ദിവസം മുൻപ്, 1964 മെയ് 17ന് , ശങ്കേഴ്സ് വീക്കിലിയിൽ ഒരു കാർട്ടൂൺ പ്രത്യക്ഷപ്പെട്ടു. ദീപശിഖയേന്തിയോടുന്ന ക്ഷീണിതനായ ഇന്ത്യൻ പ്രധാനമന്ത്രിയും പിന്നാലെയോടുന്ന ശാസ്ത്രി, ഗുൽസാരിലാൽ നന്ദ, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി എന്നിവരുമായിരുന്നു അതിൽ. നെഹ്റുവിന് ശേഷം ആരെന്നായിരുന്നു കാർട്ടൂണിന്റെ തലക്കെട്ട്. കൃത്യം പത്താംനാൾ നെഹ്റു മരിച്ചു. ശങ്കറിന്‍റെ വരയിൽ നെഹ്റുവിന് പിന്നാലെയോടിയവരൊക്കെ അതേ ക്രമത്തിൽ പ്രധാനമന്ത്രിമാരായി. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ അടുത്ത പതിമൂന്ന് വർഷം ഒരൊറ്റ വരയിൽ പ്രവചിച്ച ശങ്കർ. കാലം തലകുനിച്ച വര.

കായംകുളത്തുനിന്ന് അതിരുകളില്ലാതെ വളർന്ന കെ.ശങ്കരപിളള എന്ന ശങ്കർ. ഹിന്ദുസ്ഥാൻ ടൈംസ് മുതൽ ശങ്കേഴ്സ് വീക്കിലി വരെ നീണ്ട യാത്ര. ആയിരക്കണക്കിന് കാർട്ടൂണുകൾ. എന്നെ വെറുതെ വിടരുതെന്നാണ് ശങ്കേഴ്സ് വീക്കിലി തുടങ്ങുമ്പോൾ നെഹ്റു ശങ്കറിനോട് പറഞ്ഞത്. വിടാതെ പിടിച്ചു ശങ്കർ. ഇടംവലം നോക്കാതെ വിമർശിച്ചു. 

ഒരേയൊരു ശങ്കർ

ഇന്ത്യൻ കാർട്ടൂണിന്‍റെ വേരുകളായി പടർന്ന വരകൾക്ക്, ശങ്കറിന്, 119ആം ജന്മവാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും ആദരമർപ്പിക്കുകയാണ്. കേരള കാർട്ടൂൺ അക്കാദമിയുമായി ചേർന്ന് ഇന്ന് ഓൺലൈൻ കാർട്ടൂൺ പ്രദർശനം ഏഷ്യാനറ്റ് ന്യൂസ് ഡോട്ട് കോമിൽ. ഒരേയൊരു ശങ്കർ എന്ന് പ്രദർശത്തിന് പേര്. ശങ്കറിന്‍റെ ശിഷ്യനായ യേശുദാസൻ, മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാർ, പ്രശസ്ത കാർട്ടൂണിസ്റ്റുകളായ മനോജ് സിൻഹ, ഉണ്ണികൃഷ്ണൻ എന്നിവരുടെയൊക്കെ വരകളിൽ ശങ്കർ തെളിയുന്നു. ആയുസറ്റാത്ത വരകളുടെ മൂർച്ച കൊണ്ടാവാം, ഒരേയൊരു ശങ്കർ പ്രദർശനത്തിലെ വരകളിൽ നെഹ്റുവിനേക്കാൾ വലുപ്പമുണ്ട് ശങ്കറിന്. കൂടെക്കാണാം കാർട്ടൂണിന്‍റെ കൈ കെട്ടിയിടാതിരുന്ന കാലവും. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിൽ 

Follow Us:
Download App:
  • android
  • ios