Asianet News MalayalamAsianet News Malayalam

വിയ്യൂർ അതീവ സുരക്ഷ ജയിൽ സംഘർഷം: കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ കേസ്; കലാപശ്രമമെന്ന് എഫ്ഐആര്‍

രജ്ഞിത് ആണ് ആക്രമണത്തിന് തുടക്കമിട്ടത്. കമ്പിവടി ഉപയോ​ഗിച്ച് ജയിൽ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. 
 

case against 10 people including Kodi Suni viyyur central jail conflict sts
Author
First Published Nov 6, 2023, 9:59 AM IST

കണ്ണൂർ: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നടന്നത് കലാപശ്രമമെന്ന് എഫ് ഐ ആർ. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. സംഭവത്തിൽ നാല് ജീവനക്കാർക്കും ഒരു തടവ്കാരനും പരിക്കേറ്റിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തത്. 

തിരുവനന്തപുരത്ത് നിന്നും വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊലപാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വീഴ്ത്തി മർദ്ദിച്ചു. പിന്നാലെ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ഗാർഡ് റൂം അടിച്ച് തകർത്തു. കസേരകളും മേശയും ഫോണും വയർലെസ് ഉപകരണങ്ങളും ടെലഫോൺ ബൂത്തും തകർത്തു.

ജയിലിലെ കിച്ചനിൽ ജോലി ചെയ്തിരുന്ന ജോമോനെന്ന തടവുകാരനെയും പ്രതികൾ ആക്രമിച്ചു. കലാപം തടയാനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, മറ്റ് ജീവനക്കാരായ വിനോദ് കുമാർ, ഓം പ്രകാശ്, അർജുൻ എന്നിവർക്ക് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റു. കാട്ടുണ്ണി രഞ്ജിത്ത് ഒന്നാം  പ്രതിയായ കേസിൽ കൊടി സുനി അഞ്ചാം പ്രതിയാണ്. ആക്രമണം നിയന്ത്രണം വിട്ടതോടെ ജയിലിലുണ്ടായിരുന്ന ജീവനക്കാര്‍ തൊട്ടടുത്ത സെന്‍ട്രല്‍ ജയിലിലെയും ജില്ലാ ജയിലിലെയും ജീവനക്കാരുടെ സഹായം തേടിയിരുന്നു. ഇവരുടെ കൂടി സഹായത്തോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാനായത്.

വിയ്യൂർ ജയിലിൽ സംഘർഷം, കൊടി സുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചു; 3 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios