ആർഷോ സംസ്ഥാന ഡിജിപിക്ക് ആദ്യം  നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെയാണ് പ്രതിപ്പട്ടിക നിരത്തി ഒരേ ദിവസം തന്നെ  രണ്ടാമത്തെ  പരാതി നൽകിയത്

എറണാകുളം:എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അടക്കമുളളവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത് എഡിജിപി എം ആർ അജിത് കുമാർ. ആർഷോ സംസ്ഥാന ഡിജിപിക്ക് ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെയാണ് പ്രതിപ്പട്ടിക നിരത്തി ഒരേ ദിവസം തന്നെ രണ്ടാമത്തെ പരാതി നൽകിയത്. അടിയന്തര നടപടിയെടുക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും നിർദേശിച്ചത് സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുളള എഡിജിപി തന്നെയാണ് .

ഇക്കഴിഞ്ഞ ആറിനാണ് മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ ആരോപണവുമായി കെ എസ് യു രംഗത്തെത്തുന്നത്. രണ്ടുദിവസം കഴിഞ്ഞ് എട്ടിന് രാവിലെയാണ് ആ‍ർഷോ സംസ്ഥാന ഡിജിപി അനിൽകാന്തിന് പരാതി നൽകിയത്. ഈ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. പ്രാഥമികാന്വേഷണത്തിന് നിർദേശിച്ച് കമ്മീഷണർ സേതുരാമൻ ഇത് കൊച്ചി സെൻട്രൽ പൊലീസിന് നൽകി. കേസെടുക്കാൻ തക്ക കുറ്റങ്ങളൊന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് പ്രാഥമികാന്വേഷണത്തിന് കമ്മീഷണർ നിർദേശിച്ചത്.

ഡിജിപിക്ക് നൽകിയ പരാതി നിലനിൽക്കെ അന്നേദിവസം ഉച്ചയ്ക്കുശേഷം ആർഷോ ക്രമസമാധാനച്ചുമതലയുളള എ‍ഡജിപി അജിത് കുമാറിന് വിശദമായ മറ്റൊരു പരാതി കൈമാറി. മാർക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ അടക്കമുളളവർ ഇടപെട്ട് തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും, അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിന്‍റെ പേരും ഇതിലുണ്ടായിരുന്നു, Take necessary action and report , form special investigation team under Acp എന്ന് നിർദേശിച്ചാണ് എഡിജിപി അജിത് കുമാർ ഈ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറുന്നത്. ആ‍ർഷോയുടെ പരാതിയുടെ ആദ്യപേജിൽ ഇടതുവശത്തായി പേന കൊണ്ടാണ് എഡിജിപി ഇക്കാര്യം എഴുതിയിരിക്കുന്നത്. അടിയന്തര നടപടിയ്ക്ക് നി‍ർദേശിച്ച് മേലാവിൽ നിന്നുളള നിർദേശം വന്നതോടെയാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആർഷോയുടെ രണ്ടാമത്തെ പരാതിയും എറണാകുളം സെൻട്രൽ പൊലീസിന് നൽകിയത്.

പരാതിയിൽ ആർഷോ നിരത്തിയ പ്രതിപട്ടികയനുസരിച്ച് 9ന് രാവിലെ അഖിലയെയടക്കം ചേർത്ത് പൊലീസ് കേസെടുത്തു. എ‍ഡിജിപിയുടെ നി‍ർദേശമുളളതിനാൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെയും മിന്നൽ വേഗത്തിൽ കമ്മീഷണർ നിയോഗിച്ചു. അതായത് സംസ്ഥാന ‍ഡിജിപിക്ക് ‍ആദ്യം കൊടുത്ത പരാതിയിൽ കേസെടുക്കില്ലെന്നുറപ്പായതോടെയാണ് പുതുതായി മെനഞ്ഞെടുത്ത പരാതിയുമായി ആർഷോ എ‍ഡിജിപി എം ആർ അജിത് കുമാറിനെ സമീപിച്ച് സമീപിച്ച് പ്രതിപ്പട്ടിക നിരത്തി കേസെടുപ്പിച്ചത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ ഉന്നത ഇടപെടലും സമ്മർദ്ദവും വഴിയാണ് അഖില നന്ദകുമാർ അടക്കമുളളവർക്കെതിരെ കേസെടുത്തതെന്നാണ് ഇതോടെ വ്യക്തമാകുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരായ കേസ് ; പ്രതിഷേധം കൂടുതൽ ശക്തമാകുന്നു