വാക്സീന്‍ വിതരണം താമസിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് എം സി പ്രസാദ് പറയുന്നത്.

ആലപ്പുഴ: കുട്ടനാട്ടിൽ വാക്സീൻ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിൽ ഡോക്ടര്‍ക്ക് മർദ്ദനം. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനാണ് മർദ്ദനമേറ്റത്. കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉ‌ൾപ്പടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ‍ഞ്ചായത്ത് പ്രസിഡന്‍റ് എംസി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, പ്രവർത്തകനായ വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് നെടുമുടി പൊലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ടോയാണ് സംഭവം. 

മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശ പ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ വാക്സീന്‍ കിടപ്പ് രോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി. വാക്സീൻ വിതരണം അവതാളത്തിലാക്കിയ ഡോക്ടർക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു. ഇഷ്ടമുള്ളവർക്ക് തോന്നും പോലെയാണ് ഡോക്ടർ വാക്സീൻ വിതരണം ചെയ്യുന്നത്. വ്യാജപരാതി നൽകിയതിനെ നിയമപരമായി നേരിടുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.