'കോവളത്തെ സൂയിസൈഡ് പോയിന്റിലെത്തിച്ച് തന്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു'

തിരുവനന്തപുരം: തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകൾ ഉണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എംഎൽഎ കോടതിയിൽ പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് അവർ. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരി. എംഎൽഎ കോവളത്ത് വച്ച് ആക്രമിച്ചു എന്നു പറയുന്ന 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു എന്നും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല എന്നും എൽദോസിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. അടുത്ത ദിവസമാണ് വൂണ്ട് സർട്ടിഫിക്കറ്റ് ആശുപത്രിയിൽ നിന്ന് വാങ്ങിയത്. കഴിഞ്ഞ മാസം 28ന് പരാതി നൽകുമ്പോൾ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എംഎൽഎ വാദിച്ചു. 

'എംഎൽഎ അപായപ്പെടുത്താൻ ശ്രമിച്ചു, ഓടി രക്ഷപ്പെടുകയായിരുന്നു'

കോവളത്ത് വച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതിക്കാരി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നൽകിയത്. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് തന്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു ഈ സംഭവമെന്നും പരാതിക്കാരി പറഞ്ഞു. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ, എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു. തുടർന്ന് എംഎൽഎ മർദ്ദിച്ചപ്പോൾ, താൻ ബഹളമുണ്ടാക്കുകയും നാട്ടുകാർ ഓടി കൂടുകയും പൊലീസ് എത്തുകയും ചെയ്തു. അവരുടെ മുന്നിൽ ഭാര്യയാണെന്ന് പറഞ്ഞ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.