തൃശൂർ: കയ്പമംഗലം മൂന്നുപീടികയിൽ ഗുണ്ടാവിളയാട്ടം. മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം വ്യാപാരിയെ ആക്രമിച്ചു.  രാവിലെ 9 മണിയോടെയാണ് സംഭവം. ആക്രമണത്തിൽ നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

മൂന്നുപീടിക സെന്‍ററിൽ പ്രവർത്തിക്കുന്ന മിമിക് ലോട്ടറി സ്ഥാപനത്തിന്‍റെ ഉടമ ചക്കരപ്പാടം സ്വദേശി ലിജോയിയെയാണ് ഗുണ്ടകൾ ആക്രമിച്ചത്. രാവിലെ ഒരു സുഹൃത്തിനൊപ്പം ലിജോയ് തന്‍റെ കടയിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. സുഹൃത്തിനെ തേടിയെത്തിയ സംഘം ലിജോയിയെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തല്ലുന്നത് തടഞ്ഞതാണ് പ്രകോപനം. 

ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതിനാൽ ഗുരുതരമായി പരിക്കേറ്റ ലിജോയിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയേറ്റ് തലക്കും തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ പെരിഞ്ഞനം സ്വദേശികളായ നാല് പേരാണ് ആക്രമണം നടത്തിയത്. 

ഇവർ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകളടച്ച് പ്രകടനം നടത്തി.