കണ്ണൂർ: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കെ സുധാകരൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കും മറ്റ് 100 പേർക്കെതിരെയുമാണ് പിണറായി പൊലീസ് കേസെടുത്തത്. നിയമം ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പിണറായിയിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ  പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ കളക്ടറേറ്റിൽ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇപി ജയരാജന്റെ വാഹനം തടഞ്ഞു. കൊവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. 

പ്രോട്ടോക്കോൾ ലംഘിച്ച് കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയതിന് പി കെ ഫിറോസ് അടക്കം 90 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 90 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 75 യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തു. പകർച്ച വ്യാധി നിരോധന നിയമം, അനുമതിയില്ലാതെ പ്രകടനം നടത്തൽ, പൊലീസിനെ മർദ്ദിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 

അതേസമയം, കൊവിഡിനിടയിൽ സംസ്ഥാനത്ത് സമരാഭാസമാണ് നടക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു. സമരം നടത്തി കൊവിഡ് വന്ന് മരിക്കാൻ ആരും നിക്കേണ്ട. എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല. വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലത്ത് കെഎസ്‍യു പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കമ്മീഷണര്‍ ഓഫീസിലേക്കും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.